ADVERTISEMENT

തിരുവല്ല ∙ പമ്പയാറിന്റെ കൈവഴിയായ കോലറയാർ അധികൃതരുടെ അവഗണന മൂലം വീണ്ടും നാശത്തിലേക്ക്. കടപ്ര പഞ്ചായത്തിലെ ആലംതുരുത്തിയിൽ നിന്ന് ആരംഭിച്ച് നിരണം പഞ്ചായത്തിൽ കൂടി ഒഴുകുന്ന നദിയാണിത്. 12 കിലോമീറ്ററിൽ അധികം നീളമുണ്ട്. നാലരക്കോടി രൂപ ചെലവഴിച്ച് അഞ്ചു വർഷം മുൻപ് വീണ്ടെടുത്ത നദി, പോളയും പായലും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് വീണ്ടും ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

ജില്ലയിലെ വലിയ പാടശേഖരങ്ങളിൽ ഒന്നായ നിരണത്ത് പാടം ഉൾപ്പെടെ മേഖലയിലെ ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലേക്ക് വെള്ളം എടുക്കുന്നത് ഇതിൽ നിന്നാണ്. ആറിലെ ഒഴുക്ക് നിലച്ചതോടെ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ട അനുബന്ധ കൈത്തോടുകളും വറ്റി വരണ്ടു. വേനൽ കടുത്തതോടെ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കഴിയാത്തത് കർഷകരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു.

നീരൊഴുക്ക് നിലച്ചതോടെ വെള്ളം കറുത്ത് ദുർഗന്ധം വമിക്കുന്നു. ഇതോടെ കൊതുകു ശല്യവും വർധിച്ചതായി നാട്ടുകാർ പറഞ്ഞു. നദിയിലെ മത്സ്യ സമ്പത്തും കുറഞ്ഞു. മുൻപ് 25 മീറ്ററോളം വീതി ഉണ്ടായിരുന്ന കോലറയാറിലൂടെ കടപ്ര, നിരണം ഭാഗങ്ങളിൽ നിന്നു കെട്ടു വള്ളങ്ങളിൽ കാർഷിക ഉൽപന്നങ്ങൾ ആലപ്പുഴയിൽ എത്തിച്ചിരുന്നു.

30 വർഷം മുൻപ് ഇവിടെ ബോട്ട് സർവീസും ഉണ്ടായിരുന്നു. കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും പ്രദേശവാസികൾ ആശ്രയിച്ചിരുന്ന നദി കൂടിയാണിത്. എന്നാൽ സംരക്ഷണം ഇല്ലാത്തത് മൂലവും കയ്യേറ്റം കാരണവും വീതി 10 മീറ്റർ ആയി കുറഞ്ഞു.

ഇതേ തുടർന്നാണ് ‘ഒഴുകട്ടെ ആറ്’ എന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച നാല് കോടി രൂപയും ജനകീയ പങ്കാളിത്തത്തോടെ സ്വരൂപിച്ച അരക്കോടിയും ചെലവഴിച്ച് അഞ്ച് വർഷം മുൻപ് പോളയും പായലും മാലിന്യങ്ങളും നീക്കം ചെയ്ത് ആഴം കൂട്ടി കോലറയാർ നവീകരിച്ചത്.

ആറിന്റെ പുനരുജ്ജീവനത്തിന് പിന്നാലെ ചെറിയ വള്ളങ്ങളെ പങ്കെടുപ്പിച്ച് ജനകീയ കൂട്ടായ്മയിൽ വള്ളംകളി മത്സരവും നടത്തിയിരുന്നു. ഈ നദിയാണ് ഇപ്പോൾ തുടർ പ്രവർത്തനങ്ങൾ ഇല്ലാതെ വീണ്ടും നാശത്തിലേക്ക് പോകുന്നത്. കോലറയാർ വീണ്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com