തുള്ളിവെള്ളമെത്താൻ വഴിയില്ല; കരിഞ്ഞുണങ്ങി കൃഷി
Mail This Article
ചൂരക്കോട്∙ കടുത്ത ചൂട് താങ്ങാനാകാതെ ചൂരക്കോട് പ്രദേശത്തു കുലച്ച ഏത്തവാഴകൾ പിണ്ടി ഉണങ്ങി ഒടിഞ്ഞു വീഴുകയും പച്ചക്കറികൃഷി കരിഞ്ഞുണങ്ങുകയും ചെയ്തതോടെ കർഷകർ ആശങ്കയിൽ. ചൂരക്കോട് ഇലങ്കത്തിൽ ക്ഷേത്രത്തിനു സമീപത്തുള്ള എണ്ണയ്ക്കാട്ടുപടി ഏലായിലാണു ചൂട് കടുത്തതോടെ കൃഷിനാശം സംഭവിച്ചത്.
ഇവിടെ കൃഷിയിറക്കിയ യുവകർഷകനായ ചൂരക്കോട് എണ്ണയ്ക്കാട്ടുപടി നടുവത്തുശേരിൽ വീട്ടിൽ ജയകുമാറിന്റെ നൂറോളം കുലച്ച ഏത്തവാഴകളാണു പിണ്ടി ഉണങ്ങി ഒടിഞ്ഞു വീണത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും വാഴകൾ ഒടിഞ്ഞു വീണത്. ഇതു കൂടാതെ ഓണ വിപണി ലക്ഷ്യമിട്ടു നട്ട ഇരുനൂറ്റിയമ്പതോളം ഏത്തവാഴത്തൈകളും ഉണങ്ങി തുടങ്ങി.
പച്ചക്കറികളായ ചീര, പടവലം, പാവൽ, കാബേജ്, കോളിഫ്ലവർ തുടങ്ങിയവയും ഉണങ്ങി നശിച്ചു. ഇവിടെ ഒരേക്കറോളം സ്ഥലത്താണു ജയകുമാർ കൃഷി ചെയ്യുന്നത്. കനാൽ തുറന്നു വിടുമ്പോൾ മുൻപൊക്കെ ഈ ഏലായിൽ വെള്ളമെത്തുന്നതായിരുന്നു. ഇക്കുറി ഈ ഏലായിലേക്ക് ഇതുവരെയും വെള്ളമെത്തിയിട്ടില്ല.
ഇലങ്കത്തിൽ–കാർഗിൽനഗർ റോഡിന്റെ വശത്തു കൂടിയുള്ള ചാലുവഴിയായിരുന്ന കനാലിൽ നിന്നുള്ള വെള്ളം എണ്ണയ്ക്കാട്ടുപടി ഏലായിലേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഈ റോഡ് കോൺക്രീറ്റ് ചെയ്ത സമയത്ത് ചാൽ അടഞ്ഞതോടെ ഇതുവഴി ഇപ്പോൾ വെള്ളം ഏലായിലേക്ക് എത്തുന്നില്ല.
ഇതു കാരണമാണു വെള്ളംകിട്ടാതെ ജയകുമാറിന്റെ കൃഷികൾ വ്യാപകമായി നശിച്ചത്. ഏലായ്ക്കു സമീപത്തു കൂടി തോട് ഒഴുകുന്നുണ്ടെങ്കിലും അതിലെ വെള്ളവും ഇവിടേക്ക് എത്തിക്കാനുള്ള മാർഗമില്ല. ഒരേക്കർ കൃഷിയിടത്തിലേക്ക് വെള്ളമെത്താനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.
ഇനിയും കുളം കുഴിച്ച് മോട്ടർവച്ച് കൃഷിയിടത്തിലേക്ക് വെള്ളമെത്തിച്ചെങ്കിലെ ഉള്ള കൃഷികൾ നശിക്കാതിരിക്കൂ. പക്ഷെ അതിനു വലിയ ചെലവു വരുമെന്നതിനാൽ എന്തു ചെയ്യണമെന്നറിയാതെ വിലപിക്കുകയാണ് ജയകുമാർ.