ADVERTISEMENT

പെരുമ്പെട്ടി ∙ കനത്ത ചൂടിൽ ജലസ്രോതസ്സുകൾ വറ്റിവരണ്ടതോടെ സ്വകാര്യ ടാങ്കറുകളിലെ ജല വിതരണത്തെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് നാടും ജനങ്ങളും. മിക്കയിടങ്ങളിലും പൈപ്പുവെള്ളത്തിനായി ആഴ്ചകളുടെ കാത്തിരിപ്പാണ്. ചില ഇടങ്ങളിൽ കുഴൽ തകർച്ചയെ തുടർന്നു വെള്ളം പകുതിയിലധികം പാഴാകുന്ന കാഴ്ചയാണ്.

വേനൽ കനത്താൽ മണിമലയാറ്റിൽ നിന്നുള്ള മലമ്പാറ, പെരുമ്പാറ, കാരമല പദ്ധതികളടക്കം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 23 ൽ പരം ശുദ്ധജലപദ്ധതിയുടെ പമ്പിങ്ങിനെ ബാധിക്കും. ഇപ്പോൾ ആറ്റുതീരങ്ങളിലും വയലോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ആളുകൾ ഓലികൾ നിർമിച്ചിരിക്കുകയാണ്. 

മണിമലയാറ്റിലെങ്ങും കിലോമീറ്റർ ദൂരത്തിൽ മണൽപ്പുറ്റുകൾ ഉയർന്നുനിൽക്കുന്ന കാഴ്ചയാണ്. എഴുമറ്റൂർ, കോട്ടാങ്ങൽ കൊറ്റനാട് പഞ്ചായത്തുകളിലായി 50ൽ അധികം ചെറുതും വലുതുമായി പിക്കപ്പുകളിലും ടാങ്കറുകളിലുമായി ജലം ശേഖരിച്ച് വിതരണം നടത്തുന്നുണ്ട്, 550 മുതൽ മുകളിലേക്കാണു നിരക്ക്. വീടുകളിലെ ജല സംഭരണി നിറയ്ക്കുന്നതിനൊപ്പം കിണറുകളിലും ജലം സംഭരിക്കുന്ന കാഴ്ചയാണ്. 

സ്വകാര്യ വ്യാവസായിക ശാലകളും ടാങ്കറുകളിൽ ദിവസേന ആയിരക്കണക്കിന് ലീറ്റർ ജലമാണ് ശേഖരിക്കുന്നത്. ഗാർഹിക ഉപയോഗത്തിന് എത്തിക്കുന്ന ജലത്തിന്റെ അമ്ലഘടനയും ശുചിത്വ നിലവാരവും പരിശോധിച്ച സാക്ഷ്യപത്രവും സാമ്പിളും വിതരണ വാഹനങ്ങളിൽ കരുതണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ വേനൽ കനക്കുന്നതോടെ വ്യവസായിക ആവശ്യത്തിനായി ശേഖരിക്കുന്ന ജലമെങ്കിലും ലഭിച്ചാൽ മതിയെന്ന നിലപാടിലാകും മലയോര നിവാസികൾ. വളർത്തുമൃഗങ്ങളുടെ പരിപാലനത്തിനും ഗാർഹികേതര ആവശ്യങ്ങൾക്കും വിനിയോഗിക്കാനാണിത്. വേനൽമഴയുടെ വരവും കാത്തുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com