പത്തനംതിട്ട ജില്ലയിൽ ഇന്ന് (11-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
മധ്യതിരുവിതാംകൂർ കാർഷിക മേളയും പുഷ്പമേളയും 23 മുതൽ
കോഴഞ്ചേരി ∙ മധ്യതിരുവിതാംകൂർ കാർഷിക മേളയും പുഷ്പമേളയും 23 മുതൽ മാർച്ച് 3 വരെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. മേളയുടെ പ്രവർത്തനോദ്ഘാടനവും കാൽനാട്ടുകർമവും ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ് അധ്യക്ഷത വഹിച്ചു.
റവ. ഫിലിപ് വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. അഗ്രിഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ്, ജനറൽ കൺവീനർമാരായ പ്രസാദ് ആനന്ദഭവൻ, ബിജിലി പി.ഈശോ, ബിനു പരപ്പുഴ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, അംഗം സാലി ലാലു, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയി, കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, അംഗങ്ങളായ സുമിത ഉദയകുമാർ, ബിജോ പി. മാത്യു, സാലി ഫിലിപ്, ഗീതു മുരളി, സി.എം.മേരിക്കുട്ടി, ബാബു കൈതവന, ബാലകൃഷ്ണൻ നായർ, ആനി ജോസഫ്, വിജോ മാത്യു പൊയ്യാനിൽ, സോമരാജൻ, മോട്ടി ചെറിയാൻ, എൻ.കെ.നന്ദകുമാർ, ടി.എം.ഫിലിപ്, നിജിത്ത്, ബീന തോമസ് മാത്യു, എലിസബത്ത് ഫിലിപ് വർഗീസ്, രവീന്ദ്രൻ, ഷാജി പള്ളിപ്പീടികയിൽ എന്നിവർ പ്രസംഗിച്ചു.
പുഷ്പമേളയുടെ മുന്നോടിയായി 21ന് 3.30ന് വിളംബര ജാഥയും ഇരുചക്ര വാഹനത്തിൽ പ്രഛന്നവേഷ മത്സരവും ഉണ്ടായിരിക്കും. മികച്ച മത്സരാർഥിക്ക് സമ്മാനം ലഭിക്കും. പേര് റജിസ്റ്റർ ചെയ്യണം. 9745433090. ഊട്ടി മോഡൽ പുഷ്പമേള, കുട്ടികൾക്ക് അമ്യൂസ്മെന്റ് പാർക്ക്, കന്നുകാലി പ്രദർശനം, ഡോഗ് ഷോ, സെമിനാറുകൾ, കലാ സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, സ്റ്റാളുകൾ എന്നിവ മേളയിലുണ്ടാകും.
ജില്ലാ പഞ്ചായത്ത്, ഇലന്തൂർ–കോയിപ്രം ബ്ലോക്ക് പഞ്ചായത്തുകൾ, കോഴഞ്ചേരി പഞ്ചായത്ത്, സെൻട്രൽ ട്രാവൻകൂർ ഡവലപ്മെന്റ് കൗൺസിൽ, കോഴഞ്ചേരി അഗ്രിഹോർട്ടി സൊസൈറ്റി, കേന്ദ്ര കൃഷി വിജ്ഞാന കേന്ദ്രം, സെന്റ് തോമസ് കോളജ് അലൂമ്നെ അസോസിയേഷൻ, മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പുഷ്പമേള നടത്തുന്നത്.
വിര നശീകരണ ഗുളിക നൽകും
ഇട്ടിയപ്പാറ ∙ ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി പഴവങ്ങാടി പഞ്ചായത്തിലെ അങ്കണവാടികളിലും സ്കൂളുകളിലും 1–18 വരെ വയസ്സുള്ള 5,200 കുട്ടികൾക്കു വിര നശീകരണ ഗുളികകൾ നൽകും. ആരോഗ്യ പ്രവർത്തകരും അധ്യാപകരും ചേർന്നാണ് ഗുളികകൾ നൽകുന്നത്. സ്വകാര്യ നഴ്സറികളിൽ പഠിക്കുന്ന കുട്ടികൾ ഉച്ച സമയം അങ്കണവാടികളിലെത്തി മരുന്ന് കഴിക്കണം. 15 വരെ ഗുളികകൾ നൽകും.
ഇതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പഴവങ്ങാടി ഗവ. യുപി സ്കൂളിൽ പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. ഷേർളി ജോർജ് അധ്യക്ഷയായി. അംഗങ്ങളായ എം.ജി.ശ്രീകുമാർ, റൂബി കോശി, സീമ മാത്യു, ഷൈനി പി.മാത്യു എന്നിവർ പ്രസംഗിച്ചു. ഡോ. എബിൻ തോമസ്, സി.എൻ.സുമ എന്നിവർ ക്ലാസെടുത്തു.
കരാർ നിയമനം
റാന്നി ∙ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയറുടെ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദവും (സിവിൽ) കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. 17ന് മുൻപ് അപേക്ഷ നൽകണം.