ADVERTISEMENT

തിരുവല്ല ∙ ശ്രീവല്ലഭ ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്തീരായിരം വഴിപാടിനായി പടറ്റി കുലകൾ തുകലശ്ശേരി മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചു. ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് ഉപദേശക സമിതിയുടെയും ഉത്സവ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളോടെയാണ് ഭക്തജനങ്ങൾ ആചാരപരമായി കുലകൾ മഹാദേവക്ഷേത്രത്തിൽ എത്തിച്ചത്.

കൊടിയേറ്റു ദിവസമായ ചൊവ്വാഴ്ചയാണ് പന്തീരായിരം വഴിപാട്. ചൊവ്വാഴ്ച 5.15ന് തുകലശ്ശേരി മഹാദേവനുള്ള നിത്യനിദാന വിഭവങ്ങൾ മഹാദേവക്ഷേത്രത്തിൽ എത്തിക്കും. ആറിന് ചരിത്രപ്രസിദ്ധമായ പന്തീരായിരം ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.

ആദ്യത്തെ കുല തുകലശ്ശേരി മഹാദേവന് സമർപ്പിക്കും. തുടർന്ന് കുട്ടകളിലും തളികകളിലും കുലകൾ നിറച്ച് നാമജപവും വായ്ക്കുരവയുമായി ഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കുചേരും. പള്ളിവേട്ട ആലിന്  സമീപത്തെത്തി ഗോവിന്ദൻകുളങ്ങര ദേവിക്കും പഴക്കുല സമർപ്പിച്ച ശേഷം ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തി നമസ്‌കാര മണ്ഡപത്തിൽ സമർപ്പണം നടത്തും. 

തുടർന്ന് ശ്രീവല്ലഭന് നിവേദിച്ച ശേഷം പഴങ്ങൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും. മഹാദേവ ക്ഷേത്രത്തിൽ കുലകൾ എത്തിക്കാൻ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ഷാബു ആശാരുപറമ്പിൽ, എം.എൻ. രാജശേഖരൻ, എം.വിഷ്ണു, ലാൽ പ്രകാശ് മാലിയിൽ, നരേന്ദ്രൻ ചെമ്പകവേലിൽ, രാജീവ് തിരുവോണം, ശ്യാമള വാരിജാക്ഷൻ, ഉഷ നായർ, പത്മിനിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.

കൊടിയേറ്റിന് മുൻപ് ഉളള ശുദ്ധിക്രിയകൾ ശ്രീവല്ലഭ ക്ഷേത്രത്തിൽ ആരംഭിച്ചു. ശ്രീവല്ലഭനും സുദർശന മൂർത്തിക്കും അസ്ത്ര കലശ പൂജ,വാസ്തു ഹോമം, ബിംബശുദ്ധി ക്രിയകൾ, നവകം, കലശാഭിഷേകം എന്നിങ്ങനെ മൂന്നു ദിവസം നീളുന്ന ചടങ്ങുകൾ നടക്കും. 

തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. തിങ്കളാഴ്ച വെളുപ്പിനെ ശ്രീവല്ലഭ ക്ഷേത്ര മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ബ്രഹ്മ കലശാഭിഷേകം, വിശേഷാൽ ഭഗവതി സേവ എന്നിവ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com