ADVERTISEMENT

പത്തനംതിട്ട ∙ ജീവിതത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾക്ക് അറുതി വരുത്താനാണ് വെട്ടിപ്പുറം പിച്ചയ്യത്ത് നസീമ ബാങ്കിൽ നിന്ന് വായ്പ എടുത്ത് ഒരു ചെറിയ സംരംഭത്തിനു തുടക്കമിട്ടത്. അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെ തയാറാക്കി വിൽപന നടത്താനാണ് ഒരുങ്ങിയത്. എല്ലാം തയാറാക്കി വിൽപന ആരംഭിച്ച ശേഷമാണ് പൈപ്പിലൂടെയുള്ള ശുദ്ധജല വിതരണം വല്ലപ്പോഴുമായത്. ഉൽപന്നങ്ങൾ തയാറാക്കുന്നതിന് ഇത് പ്രതിസന്ധി സൃഷ്ടിച്ചതോടെ കുറച്ചു പാത്രങ്ങൾ വാങ്ങി വെള്ളം ശേഖരിച്ചു വച്ച് പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് വല്ലപ്പോഴും അൽപം വെള്ളം പൈപ്പിലൂടെ ലഭിച്ചാലായി എന്ന അവസ്ഥയായി.

തുടർന്ന് ടാങ്കറിൽ വെള്ളം എത്തിച്ച് സംരംഭം മുന്നോട്ടു നീക്കാൻ ശ്രമിച്ചെങ്കിലും ചെലവും വരവും ഒത്തു പോകാതായതോടെ എല്ലാം നിർത്തി വയ്ക്കേണ്ടി വന്നു. ബാങ്കിൽ നിന്ന് എടുത്ത വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്നു അറിയാതെ സങ്കടത്തിലാണ് നസീമ. മേലേവെട്ടിപ്പുറം, ബുദ്ധൻപടി, അഞ്ചക്കാല, പരുത്തുപാറക്കൽ, തോട്ടുപുറം, സ്കൂൾ ഭാഗം, പുതിയത്ത്, അമ്പലഭാഗം, വെട്ടിപ്പുറം ലക്ഷം വീട് ഭാഗം, പെരിങ്ങമല, തൈക്കാവ് പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളം ലഭിക്കാതെ നാളുകളായി അനുഭവിക്കുന്ന ദുരിതത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഇത്.

നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളായ ഇവിടെ കിണറുകൾ വളരെ കുറവാണ്.ഉള്ളവയാകട്ടെ വേനൽ തുടങ്ങുമ്പോൾത്തന്നെ വറ്റി വരളും. അതിനാൽ പ്രദേശത്തെ കുടുംബങ്ങൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.ഇത്തരം സാഹചര്യത്തിലാണ് പൈപ്പ് വെള്ളം മുടങ്ങുന്നതും ജനം വലയുന്നതും. വട്ടമുരുപ്പേൽ, തോട്ടുപുറം, കുമ്പാങ്ങൽ, തൈക്കാവ് ലക്ഷം വീട് കോളനികളിലായി അഞ്ഞൂറിലധികം വീടുകളുണ്ട്. ഇവിടെയുള്ള നിർധനർക്ക് കുടിവെള്ളം കൂടി പണം കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്.

നഗരത്തിലെ പഴയ പൈപ്പുകൾ അടുത്ത കാലത്ത് മാറ്റി സ്ഥാപിച്ചെങ്കിലും പൈപ്പ് പൊട്ടലിന് കുറവില്ലാത്ത അവസ്ഥയാണ്. താഴ്ന്ന പ്രദേശത്ത് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതു കാരണം ഉയർന്ന പ്രദേശത്തേക്ക് വെള്ളം എത്താത്തതാണ് ഇപ്പോൾ പ്രയാസമാകുന്നത്.ജനങ്ങളെ വലയ്ക്കുന്ന പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും ഇല്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് ജലഅതോറിറ്റി ഓഫിസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്നും വാർഡ് മെംബർ സി.കെ.അർജുനൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com