ADVERTISEMENT

തിരുവല്ല ∙ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾക്കുവേണ്ടി നെടുമ്പ്രം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ആൾമാറാട്ടം നടത്തി വിവാഹാലോചനയ്ക്ക് ഇടനില നിന്നെന്ന പരാതിയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചു. തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ കൊച്ചു പ്രകാശ് ബാബു എന്നു വിളിക്കുന്ന പ്രകാശ് ബാബുവാണ് ലോക്കൽ സെക്രട്ടറിയായി ആൾമാറാട്ടം നടത്തി പെൺവീട്ടുകാർ പിന്മാറിയ വിവാഹം നടത്താൻ ശ്രമിച്ചത്. പോക്സോ അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വൈക്കത്തില്ലം സ്വദേശിയായ യുവാവിന്റെ വിവാഹത്തിനാണു നെടുമ്പ്രം ലോക്കൽ സെക്രട്ടറിയായ വിനയചന്ദ്രന്റെ പേരിൽ പ്രകാശ് ബാബു ആൾമാറാട്ടം നടത്തിയത്. 

ഈ മാസം എട്ടിന് അമ്പലപ്പുഴ സ്വദേശിനിയുമായി യുവാവിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. എന്നാൽ, ബന്ധുവഴി യുവാവിന്റെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്നു പിന്മാറി. ഇതേത്തുടർന്നാണു പ്രകാശ് ബാബു മറ്റു 3 പേരെ കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. താൻ എൽസി സെക്രട്ടറി വിനയചന്ദ്രനാണെന്നും കൂടെയുള്ളവർ ഏരിയ കമ്മിറ്റി അംഗങ്ങളാണെന്നുമാണു പരിചയപ്പെടുത്തിയത്. യുവാവിനെ സംബന്ധിച്ചു ലഭിച്ച വിവരങ്ങൾ തെറ്റാണെന്നും വ്യക്തി വൈരാഗ്യം മൂലം പറഞ്ഞതാണെന്നും ബന്ധുക്കളെ അറിയിച്ചു.

   സംശയം തോന്നിയ പെൺകുട്ടിയുടെ വീട്ടുകാർ പരിചയമുള്ള വനിതാ നേതാവ് വഴി വിനയചന്ദ്രനെ ബന്ധപ്പെട്ടപ്പോഴാണ് ആൾമാറാട്ടം അറിഞ്ഞത്.  തന്റെ പേരിൽ മറ്റാരോ പെൺകുട്ടിയുടെ വീട്ടിലെത്തിയ വിവരമറിഞ്ഞ വിനയചന്ദ്രൻ ഏരിയ കമ്മിറ്റിക്കു പരാതി നൽകി. തുടർന്ന് ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി വിനയചന്ദ്രനെ കൂട്ടി നേരിട്ടു പെൺകുട്ടിയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം പുറത്തായത്.

തുടർന്നാണു പ്രകാശ് ബാബുവിനെതിരെ സിപിഎം ഏരിയ കമ്മിറ്റിയംഗമായ ജെനു മാത്യുവിനെ ഏകാംഗ അന്വേഷണ കമ്മിഷനാക്കി നിയോഗിച്ചത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു കിഴക്കുംമുറി സ്വദേശിയിൽനിന്നു പണം തട്ടിയെന്ന പരാതിയിൽ നിലവിൽ പാർട്ടി അന്വേഷണം നേരിടുന്നയാളാണു പ്രകാശ് ബാബു. ജോലി വാഗ്ദാനം ചെയ്ത് ഇയാൾ മുൻപും തട്ടിപ്പു നടത്തിയതായി പരാതിയുണ്ടായിരുന്നു. 

ബിജെപിയിലായിരുന്ന വൈക്കത്തില്ലം സ്വദേശിയായ യുവാവ് 2 വർഷം മുൻപാണു സിപിഎമ്മിൽ ചേർന്നത്. നെടുമ്പ്രം കല്ലുങ്കലിൽ നടന്ന ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവാണ് ഇയാളുൾപ്പെടെ പത്തോളം പേരെ രക്തഹാരമണിയിച്ചു പാർട്ടിയിലേക്കു വരവേറ്റത്.

ഒരാഴ്ചയ്ക്കുള്ളിൽ ഇയാൾ പോക്സോ കേസിൽ പ്രതിയായി. അതോടെ പാർട്ടി അംഗത്വം നൽകുന്നതിൽനിന്നു പിന്മാറി. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം അറിയാതെയാണ് അന്ന് ഇയാളെ മാലയിട്ടു സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com