കൂടുതൽ പാൽ അളന്ന ക്ഷീര കർഷകർക്കുള്ള മൂന്ന് പുരസ്കാരങ്ങളും റാന്നിക്ക്
Mail This Article
വെച്ചൂച്ചിറ ∙ ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകർക്കുള്ള 3 അവാർഡുകളും റാന്നി താലൂക്കിൽ. വെച്ചൂച്ചിറ ക്ഷീരസംഘത്തിലെ കർഷകരായ കുറ്റിക്കാട്ടിൽ കെ.എം.ജോസഫ്, വട്ടംതൊട്ടിയിൽ ലിറ്റി ബിനോയ്, അരയാഞ്ഞിലിമണ്ണ് ക്ഷീരസംഘത്തിലെ വരിക്കാനിക്കൽ വി.ജെ.ബിനോയ് എന്നിവർക്കാണ് നേട്ടം. സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ച പുരസ്കാരങ്ങളാണിവ. ജനറൽ വിഭാഗത്തിലാണ് ജോസഫിന് അംഗീകാരം. വനിത വിഭാഗത്തിൽ ലിറ്റിയും പട്ടികജാതി വർഗ വിഭാഗത്തിൽ ബിനോയിയും നേട്ടം സ്വന്തമാക്കി.
ജോസഫ് പശു വളർത്തൽ തുടങ്ങിയിട്ട് 25 വർഷമായി. വിദേശിയും നാടനും ഉൾപ്പെടെ 36 പശുക്കളുണ്ട്. 50,845.5 ലീറ്റർ പാലാണ് ഒരു വർഷം സംഘത്തിൽ അളന്നത്. തുടർച്ചയായ 15–ാം വർഷമാണീ നേട്ടം. മാത്തുക്കുട്ടിക്കും ഇടയ്ക്കിടെ അവാർഡ് ലഭിക്കാറുണ്ട്. ഭാര്യ രാജിയും ബിനോയിയുടെ സഹായത്തിനുണ്ട്.
വർഷം ഒരു ലക്ഷം ലീറ്റർ പാൽ അളക്കുന്ന ക്ഷീര കർഷകയെന്ന നേട്ടം കൊയ്യാൻ ലിറ്റിക്ക് ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല. വർഷം 76,036 ലീറ്റർ പാലാണ് സംഘത്തിൽ അളന്നത്. പുറമേ 12,000 ലീറ്ററും വിൽപന നടത്തി. ഒരു വർഷം ഉൽപാദിപ്പിച്ചത് 88,036 ലീറ്റർ പാലാണ്. 15 പശുക്കളും 2 കിടാരികളുമാണ് ലിറ്റിക്കുള്ളത്. 20 വർഷമായിട്ട് പശു വളർത്തലുണ്ട്. മൃഗ സംരക്ഷണ വകുപ്പിന്റെ ഒട്ടേറെ അംഗീകാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഭർത്താവ് ബിനോയിയും മികച്ച ക്ഷീര കർഷകനാണ്.
തുടർച്ചയായ രണ്ടാം വർഷമാണ് അരയാഞ്ഞിലിമണ്ണിലെ ബിനോയിക്ക് അവാർഡ് ലഭിക്കുന്നത്. 18 വർഷമായി ക്ഷീര മേഖലയിൽ സജീവമാണ്. 6 പശുക്കളും 2 കിടാരികളുമുണ്ട്. 11,594 ലീറ്റർ പാലാണ് കഴിഞ്ഞ വർഷം അളന്നത്. 4,320 ലീറ്റർ പാൽ വർഷം പുറമേയും വിൽക്കുന്നുണ്ട്. ഭാര്യ ബിന്ദുവും സഹായിക്കാനുണ്ട്.