ADVERTISEMENT

ഇട്ടിയപ്പാറ ∙ പൊളിഞ്ഞ യാഡ്. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ‌. ബസുകൾ കയറിയിറങ്ങുന്നത് തോന്നുംപടി. യാഡിന്റെ ചുറ്റും അനധികൃത പാർക്കിങ്. ഇതിനിടെ അപകടത്തിൽപ്പെടാതെ നെട്ടോട്ടമോടുന്ന ജനങ്ങളും. യാത്രക്കാരന്റെ കാലിൽ ബസിന്റെ ചക്രം കയറിയിറങ്ങിയ ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലെ ദിവസവുമുള്ള കാഴ്ചയാണിത്.ജില്ലയിലെ പ്രധാന സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ ഒന്നാണിത്. ലോക്ഡൗണിനു മുൻപ് ദിവസം നൂറ്റിമുപ്പതോളം സ്വകാര്യ ബസുകൾ കയറിയിറങ്ങിയിരുന്ന സ്റ്റാൻഡാണിത്.

ഇപ്പോൾ ദിവസമെത്തുന്നത് എൺപതോളം ബസുകൾ.പുലർച്ചെ മുതൽ ബസുകൾ സ്റ്റാൻഡിൽ കയറിയിറങ്ങുന്നുണ്ടെങ്കിലും നാഥനില്ലാത്ത അവസ്ഥയാണ്.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് യാഡ് പുനരുദ്ധരിച്ചിരുന്നു. കോൺക്രീറ്റിട്ടും പൂട്ടുകട്ട പാകിയുമാണ് പുനരുദ്ധാരണം നടത്തിയത്.കോൺ‌ക്രീറ്റും പൂട്ടുകട്ടകളുമെല്ലാം ഇപ്പോൾ പൊളിഞ്ഞു തുടങ്ങി. പൊളിഞ്ഞ കോൺക്രീറ്റിനോടു ചേർന്ന ഭാഗത്താണ് ഇന്നലെ യാത്രക്കാരന്റെ കാലിൽ ബസിന്റെ ചക്രം കയറിയിറങ്ങിയത്. ഇതു പുനരുദ്ധരിച്ചില്ലെങ്കിൽ തുടർന്നും അപകടത്തിനിടയാക്കും.

വാഹനങ്ങളെല്ലാം സ്റ്റാൻഡിൽ
ബസ് സ്റ്റാൻഡെന്നാണു പേരെങ്കിലും എല്ലാ വാഹനങ്ങളും 24 മണിക്കൂറും കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. പുനലൂർ–മൂവാറ്റുപുഴ, ഇട്ടിയപ്പാറ ബൈപാസ് എന്നിവിടങ്ങളിൽ നിന്നായി 3 റോഡുകൾ സ്റ്റാൻഡിലേക്കുണ്ട്. ചെറുതും വലുതമായ വാഹനങ്ങളെല്ലാം 3 റോഡുകളിലൂടെയും സ്റ്റാൻഡിലെത്തുന്നു. അവ ബസുകൾക്കും യാത്രക്കാർക്കും മുന്നിലൂടെയും പിന്നിലൂടെയും തലങ്ങും വിലങ്ങും ഓടുകയാണ്. ഇതുമൂലം ബസുകൾ സ്റ്റാൻഡിലേക്കു കയറുന്ന റോഡിനു മുന്നിലും ഇറങ്ങേണ്ട സെൻട്രൽ ജംക് ഷനിലും മിക്കപ്പോഴും അപകടങ്ങളുണ്ടാകുന്നു. ബസുകൾ സ്റ്റാൻഡിലേക്കു കയറേണ്ട വഴിയെ ഇറങ്ങുന്നതും ഇറങ്ങേണ്ട റോഡിലൂടെ കയറുന്നതും പതിവു കാഴ്ചയാണ്. ഇതു നിയന്ത്രിക്കേണ്ട പൊലീസിനെ സ്റ്റാൻഡിൽ കാണാനില്ല.

പാർക്കിങ് തോന്നുംപടി
ബസുകളിടേണ്ട യാഡിന്റെ മധ്യത്തിലും മറ്റു വാഹനങ്ങൾ പാർക്കിങ് നടത്താം. ആരും ചോദിക്കാനും പറയാനും വരില്ല. യാഡിന്റെ ചുറ്റും അനധികൃത പാർക്കിങ്ങാണ്.രാവിലെ വിവിധ സ്ഥലങ്ങളിൽ പോകാനെത്തുന്നവരാണ് വാഹനങ്ങൾ സ്റ്റാൻഡിൽ നിരത്തി വച്ചിട്ടു പോകുന്നത്. അന്യ വാഹനങ്ങൾ പാർക്കിങ് നടത്തുന്നത് ശിക്ഷാർഹമാണെന്ന് ചൂണ്ടിക്കാട്ടി പഴവങ്ങാടി പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡുകൾക്കു കീഴിലാണ് അവ നിരത്തിയിട്ടിരിക്കുന്നത്.

ബസുകളും വഴി മുടക്കുന്നു
വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന ബസുകൾ യാഡിൽ പിടിക്കും മുൻപ് വഴിയിലിട്ട് യാത്രക്കാരെ കയറ്റിയിറക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു. സ്റ്റാൻഡിലൂടെ നെട്ടോട്ടമോടുന്ന മറ്റു വാഹനങ്ങളുടെയും ബസുകളുടെയും മുന്നിലേക്കാണ് യാത്രക്കാരെ ഇറക്കി വിടുന്നത്. അവർ ബസുകളിൽ കയറാൻ ഓടിയെത്തുന്നതും ഇവയ്ക്കു മുന്നിലൂടെയാണ്. ഇതിനിടെ ഡ്രൈവർ ബസെടുത്താൽ അപകടം ഉറപ്പ്.സ്റ്റാൻഡിലെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ട് വിവിധ യൂണിയനുകൾ പൊലീസ് സ്റ്റേഷനിൽ പലതവണ പരാതികൾ നൽകിയിരുന്നു.എന്നാൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. സ്റ്റാൻഡിൽ ഒരു പൊലീസുകാരനെയെങ്കിലും സേവനത്തിനു നിയോഗിക്കാനും തയാറാകുന്നില്ല.

ബസ് തട്ടി വീണ മുതിർന്ന പൗരന്റെ കാലിൽ ചക്രം കയറിയിറങ്ങി
ഇട്ടിയപ്പാറ ∙ സ്വകാര്യ ബസ് തട്ടി താഴെ വീണ മുതിർന്ന പൗരന്റെ  കാലിൽ അതേ ബസിന്റെ ചക്രം കയറിയിറങ്ങി. പൊന്നമ്പാറ ചക്കാലയിൽ ശിവരാമന്റെ (84) കാലിനാണ് ഗുരുതരമായ പരുക്കേറ്റത്. റാന്നി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽ‌കിയ ശേഷം കോട്ടയം മെഡിക്കൽ‌ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ 9.50ന് ആണ് സംഭവം. എരുമേലി–തിരുവല്ല റൂട്ടിൽ സർ‌വീസ് നടത്തുന്ന ബസിന്റെ ചക്രമാണ് ശിവരാമന്റെ കാലിൽ കയറിയിറങ്ങിയത്.

ഇടമുറി അമ്പലംപടിയിൽ കട നടത്തുന്ന ശിവരാമൻ സാധനങ്ങൾ‌ വാങ്ങാൻ ഇട്ടിയപ്പാറ എത്തിയതാണ്. സ്റ്റാൻഡിലൂടെ നടക്കുന്നതിനിടെ ഡ്രൈവർ ബസ് പിന്നിലേക്കെടുക്കാനുള്ള ശ്രമത്തിലായിരുന്നു. യാഡിലെ തകർന്നു കിടന്ന ഭാഗത്തെ കുഴിയിലേക്കു ചാടി മുന്നിലേക്കുരുണ്ട ബസ് തട്ടി ശിവരാമൻ വീണു. പിന്നാലെ ഡ്രൈവറിന്റെ വശത്തെ മുൻ ചക്രം കാലിൽ കയറുകയായിരുന്നു. കണ്ടു നിന്നവർ ബഹളം വച്ചപ്പോൾ‌ ബസ് പിന്നിലേക്കെടുക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയവരും ബസ് ജീവനക്കാരും ചേർന്നാണ് ശിവരാമനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com