ADVERTISEMENT

അടൂർ ∙ ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവു നൽകി 2 പേരിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങളടക്കം 3 പേർ അറസ്റ്റിൽ. പെരിങ്ങനാട് മലമേക്കര സ്വദേശികളായ 2 പേരിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ കൊല്ലം പെരിനാട് വെള്ളിമൺ വിനോദ് ഭവനിൽ വിനോദ് (50), നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടിൽ മുരുകദാസ് കുറുപ്പ് (29), സഹോദരൻ അയ്യപ്പദാസ് കുറുപ്പ് (22) എന്നിവരാണ് അറസ്റ്റിലായത്. 2021ൽ മാർച്ചിലാണ് തട്ടിപ്പു നടന്നത്. മുരുകദാസും അയ്യപ്പദാസുമാണ് തട്ടിപ്പിലെ പ്രധാനിയായ വിനോദിനെ പരാതിക്കാർക്ക് പരിചയപ്പെടുത്തിയത്.

ക്ലാർക്ക് തസ്തികയിൽ ജോലിവാങ്ങി നൽകാമെന്ന് പറഞ്ഞാണ് മുരുകദാസും അയ്യപ്പദാസും ഇടനിലനിന്ന് പണം വാങ്ങി വിനോദിനു നൽകിയത്. 2021ൽ കുണ്ടറ നിയമസഭാ മണ്ഡലത്തിൽ ആര്‍ജെഡി സ്ഥാനാർഥിയാണെന്നും ഒട്ടേറെപ്പേർക്ക് ജോലി വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് മലമേക്കര സ്വദേശിനിയിൽനിന്ന് 9 ലക്ഷം രൂപയും രണ്ടാമത്തെയാളിൽനിന്ന് 10 ലക്ഷം രൂപയും തട്ടിയത്. മലമേക്കര സ്വദേശിനിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ക്ലാർക്കായി നിയമിച്ചെന്ന വ്യാജ നിയമന ഉത്തരവും നൽകി. ജോലിയിൽ പ്രവേശിക്കേണ്ടതിന്റെ തലേദിവസം ഫോണിൽ വിളിച്ചിട്ട് മറ്റൊരു ദിവസം ജോയിന്റ് ചെയ്താൽ മതിയെന്നും ആരോഗ്യമന്ത്രി മാറിയതിനാൽ നിയമനം അൽപം വൈകുമെന്നും ഇവരെ ധരിപ്പിച്ചു. പിന്നീട് വിനോദിനെ ബന്ധപ്പെട്ടപ്പോഴും ഒഴിവുകൾ പറഞ്ഞതിനാൽ നിയമന ഉത്തരവ് സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലായത്.

പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ അടൂര്‍ പൊലീസിൽ പരാതി നൽകി. 10 ലക്ഷം കൊടുത്തയാൾക്കും ഇതേ അനുഭവമുണ്ടായതോടെ പൊലീസിൽ പരാതി നൽകി. ഡിവൈഎസ്പി ആർ.ജയരാജിന്റെ നേതൃത്വത്തിൽ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ ഒളിവിൽ പോയി. മൊബൈൽ ഫോൺ വഴിയുള്ള അന്വേഷണത്തിനൊടുവിൽ സർക്കിൾ ഇൻസ്പെക്ടർ ആർ.രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത പതിനഞ്ചോളം പേരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പു നടത്തിയതായി പൊലീസിനു സൂചന ലഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ അന്വേഷണം നടത്താനായി കസ്റ്റഡിയിൽ വാങ്ങും. വിനോദിന്റെ പേരിൽ വഞ്ചനാക്കേസടക്കം ഒട്ടേറെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com