അപായസൂചനകളില്ല; മണിമലയാറ്റിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക
Mail This Article
പെരുമ്പെട്ടി ∙ ആറ്റിലെ കയങ്ങള്‍ക്കു സമീപം അപായസൂചനകളില്ല; കടവിലിറങ്ങുന്നവര്‍ കാലിടറാതെ സൂക്ഷിക്കുക. വേനൽച്ചൂടിൽ മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്ന് മിക്കയിടങ്ങളിലും നീരൊഴുക്ക് നാമമാത്രമാണ്. മേഖലയിൽ ആറ്റിലെ കയങ്ങൾക്കു സമീപങ്ങളിൽ മാത്രമാണ് ഇപ്പോൾ സാമാന്യം ജലനിരപ്പു കാണാൻ കഴിയുന്നത്. കോട്ടാങ്ങൽ പഞ്ചായത്തിലെ ഉപ്പോലി, നൂലുവേലിക്കടവ്, മധുക്കടവ്, ഒളമനക്കടവിന് സമീപം, തേലപ്പുഴക്കടവ് എന്നിവടങ്ങളിലെ കയങ്ങളിലാണ് അപകടസാധ്യത നിലനിൽക്കുന്നത്. മേഖലയിലെ കയങ്ങളിൽ ഇതുവരെ 61 പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ എറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് തേലപ്പുഴക്കടവിലാണ്; 46. നൂലുവേലിക്കടവ് 5 , മധുക്കയം 4, ഉപ്പോലിക്കയം3 ഒളമനക്കയം 3 എന്നിങ്ങനെയാണ് പ്രാദേശിക കണക്ക്.
അവധി ദിവസങ്ങളിലും മറ്റും കൂട്ടമായി എത്തുന്നവർ ഇവിടെ ആറ്റിലിറങ്ങി അലക്ഷ്യമായി നീങ്ങുമ്പോൾ അപകടത്തിൽപെടുന്നത് പതിവാണ്. ജലനിരപ്പ് കുറഞ്ഞു തോന്നിക്കുമെങ്കിലും ആഴവും അടിത്തട്ടിലെ ചെളിയും കൂടുതലാണ്. അപകടം ഒളിഞ്ഞിരിക്കുന്ന കടവുകളിലും കയങ്ങൾക്കു സമീപവും സൂചന മുന്നറിയിപ്പ് ബോർഡുകളില്ല എന്നതാണ് വസ്തുത. ആളുകൾ ഏറ്റവും കൂടുതലെത്തുന്ന തേലപ്പുഴക്കടവിൽ മാത്രമാണ് ഇരുകരകളിലും ഒാരോ മുന്നറിയിപ്പ് ബോർഡുകളെങ്കിലും സ്ഥാപിച്ചിട്ടുള്ളത്. മറ്റെവിടെയും കയങ്ങൾക്ക് സമീപം യാതൊരു അപകട മുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ല. സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ നടപടി സ്വീകരിച്ചാൽ ഒട്ടേറെ ജീവനുകൾ രക്ഷിക്കാൻ സാധിക്കും.