ADVERTISEMENT

അടൂർ ∙ കോട്ടമുകൾ ഭാഗത്ത് പെട്രോളുമായി 110 കെവി വൈദ്യുതി ലൈനിന്റെ ട്രാൻസ്മിഷൻ ടവറിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് പൊലീസിനെയും അഗ്നിരക്ഷാ സേനയേയും മുൾമുനയിൽ നിർത്തി. ഒടുവിൽ പെൺ സുഹൃത്തിനെ സ്ഥലത്തെത്തിച്ചതിനു ശേഷമാണ് അഗ്നിരക്ഷാസേനയ്ക്ക് യുവാവിനെ താഴെയിറക്കാനായത്.  3 മണിക്കൂറോളം വൈദ്യുതി മുടങ്ങി.

വെള്ളിയാഴ്ച രാത്രി 10നാണ് സംഭവം. ഗ്രീൻവാലി ഓഡിറ്റോറിയത്തിനു സമീപത്തു കൂടി കടന്നു പോകുന്ന ട്രാൻസ്മിഷൻ ടവറിന്റെ മുകളിലാണ് യുവാവ്  കയറിയത്. അഗ്നിരക്ഷാ കേന്ദ്രത്തിലെ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ യുവാവിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവമറിഞ്ഞ് യുവാവിന്റെ ഭാര്യ സ്ഥലത്തെത്തി. എന്നിട്ടും യുവാവ് ഇറങ്ങാൻ കൂട്ടാക്കിയില്ല. വഴക്കുണ്ടായതുമായി ബന്ധപ്പെട്ട സംഭവത്തിൽ  പെൺസുഹൃത്ത് മാപ്പു പറഞ്ഞാൽ ഇറങ്ങാമെന്ന നിലപാടിലായിരുന്നു യുവാവ്.ഇതോടെ പെൺസുഹൃത്തിനെ പൊലീസ് സ്ഥലത്ത് എത്തിച്ചു. 

പെൺസുഹൃത്ത് ഫോണിൽ യുവാവുമായി ബന്ധപ്പെട്ട് ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞതോടെയാണ് യുവാവ് താഴെയിറങ്ങാൻ തയാറായത്. ആദ്യം താഴെയിറങ്ങ‌ാൻ തുടങ്ങിയെങ്കിലും ഇറങ്ങാൻ പറ്റാതെ ടവറിൽ കുടങ്ങി. തുടർന്ന് ഒരു മണിയോടെ സ്റ്റേഷൻ ഓഫിസറുടെ നിർദേശപ്രകാരം ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ എസ്. സന്തോഷ്, ഇ. മഹേഷ് എന്നിവർ ടവറിലേക്ക് കയറി താഴെയിറക്കി.

ട്രാ‍ൻസ്മിഷൻ ടവറിൽ അതിക്രമിച്ചു കയറിയതിന് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടു. പെൺസുഹൃത്തും യുവാവും തമ്മിൽ വഴക്കുണ്ടാവുകയും ഇതു പൊലീസ് കേസാവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച രാത്രി യുവാവ് പെട്രോളുമായി ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നു പൊലീസ് പറഞ്ഞു. ഡപ്യൂട്ടി ചീഫ് എൻജിനീയർ സന്തോഷിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com