നിയമ വിദ്യാർഥിനിക്ക് മർദനമേറ്റ കേസ്: പ്രതിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്; മാർച്ചിൽ സംഘർഷം

Mail This Article
പത്തനംതിട്ട ∙ നിയമ വിദ്യാർഥിനിക്കു നീതി വേണമെന്ന് ആവശ്യപ്പെട്ടു കടമ്മനിട്ട മൗണ്ട് സിയോൻ കോളജിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പരാതിക്കാരിയായ വിദ്യാർഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജനെ കോളജിൽനിന്നു പുറത്താക്കണമെന്ന ആവശ്യവുമായി ഇന്നലെ ഉച്ചയോടെയാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ് രശ്മി നായരെ യൂത്ത് പ്രവർത്തകർ പൂട്ടിയിട്ടതോടെ കോളജിൽ സംഘർഷാവസ്ഥയുണ്ടായി.സ്ഥലത്തെത്തിയ ആറന്മുള സിഐ ഉൾപ്പെടെയുള്ള പൊലീസ് സംഘം പൂട്ടു പൊളിച്ച് അകത്തു കടന്നതോടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. തുടർന്നു നടത്തിയ ചർച്ചയും ഫലം കാണാതെ വന്നതോടെ രോഷാകുലരായ പ്രവർത്തകർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അടിച്ചു തകർത്തു. ഇതോടെ ജെയ്സനെ കോളജിൽനിന്നു പുറത്താക്കിയതായി കോളജ് അധികൃതർ അറിയിക്കുകയായിരുന്നു.
ഈ മാസം 9നാണ് കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന ജെയ്സന്റെ അപേക്ഷ സുപ്രീം കോടതി നിരസിച്ചത്. ജെയ്സനെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നും പൊലീസിനെതിരെ സമരം തുടരുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേ സമയം, വിദ്യാർഥിയുടെ ആരോപണങ്ങൾ വ്യാജമാണെന്നും കേസിൽനിന്നു തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ നൽകിയിട്ടുണ്ടെന്നു ജെയ്സൻ പറഞ്ഞു.ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ടി.ജി നിധിൻ, ബിബിൻ ബേബി, ഷംന ഷബീർ, പി.എം. അമീൻ, ആദർശ് സുധാകരൻ, സിബി മൈലപ്ര, ആരോൺ ബിജിലി പനവേലിൽ, അരവിന്ദ് ചന്ദ്രശേഖർ, ജിനു കളിക്കൽ, അബിനു മത്തായി, ആകാശ് മൈലപ്ര, എലൻ മറിയം, അൻസു പുതുവേലിൽ, ആസിഫ് മുഹമ്മദ്, ടെറിൻ ജോർജ്, ജെവിൻ കാവുങ്കൽ,ഷബീർ കോന്നി, ജെറിൻ പ്ലാച്ചേരിൽ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.