ലോ കോളജ് വിദ്യാർഥിനിയെ മർദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി
Mail This Article
പത്തനംതിട്ട ∙ കടമ്മനിട്ടയിലെ ലോ കോളജ് വിദ്യാർഥിനിയെ മർദിച്ച കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജൻ പൊലീസിൽ കീഴടങ്ങി. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിട്ടും ജെയ്സന്റെ അറസ്റ്റ് നടപടികൾ വൈകുന്നതിൽ വ്യാപക വിമർശനം ഉയരുന്നതിനിടെ, ഇന്നലെ രാവിലെ 10ന് പത്തനംതിട്ട ഡിവൈഎസ്പി ബി.വിനോദിന്റെ ഓഫിസിലെത്തിയാണു കീഴടങ്ങിയത്. 13നു മുൻപു കീഴടങ്ങാൻ ജെയ്സനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതിനാൽ സിപിഎം നിർദേശം കൂടി പരിഗണിച്ചാണു ജെയ്സന്റെ കീഴടങ്ങൽ എന്നാണു സൂചന. കോടതിയിൽ ഹാജരാക്കിയ ജെയ്സനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബർ 20നാണു ജെയ്സന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവർത്തകർ കോളജിൽവച്ചു മർദിച്ചതായി നിയമ വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയത്. 3 ദിവസത്തിനു ശേഷം യൂത്ത് കോൺഗ്രസ് ആറന്മുള പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതോടെയാണു ജെയ്സൻ അടക്കമുള്ളവർക്കെതിരെ അധികൃതർ കേസെടുത്തത്.
പിന്നാലെ പരാതിക്കാരിയായ വിദ്യാർഥിനിയെ പ്രതിയാക്കി എസ്എഫ്ഐ പ്രവർത്തകരുടെ പരാതികളിൽ പൊലീസ് 3 കേസുകൾ എടുത്തിരുന്നു.മുൻകൂർ ജാമ്യത്തിനായി ജെയ്സൻ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസിലെ 2 മുതൽ 5 വരെയുള്ള പ്രതികൾക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ മാസം യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനു പിന്നാലെ ജെയ്സനെ കോളജിൽനിന്നു പുറത്താക്കിയിരുന്നു. അതേ സമയം തനിക്കെതിരെയുള്ള കേസ് വ്യാജമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ജെയ്സൻ പറഞ്ഞു.