ADVERTISEMENT

പത്തനംതിട്ട ∙ ഉത്സവത്തിനും പെരുന്നാളിനുമൊക്കെ വർണക്കടലാസുകൾ ആകാശത്തേക്കു പറത്തിവിടുന്ന പോപ്പർ ബ്ലാസ്റ്റിന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും വൻ ഡിമാൻഡ്. റോഡ് ഷോകളിലാണു പുട്ടുകുറ്റി പോലിരിക്കുന്ന പോപ്പറുകൾ താരമാകുന്നത്. നാം അറിയുന്ന നമ്മേ അറിയുന്ന പ്രിയപ്പെട്ട സ്ഥാനാർഥി ഇതാ കടന്നു വരുന്നുവെന്ന് അനൗൺസ് ചെയ്യുന്നതിന്റെ പിന്നാലെ പാർട്ടിയുടെ പതാകയുടെ നിറത്തിലുള്ള കടലാസ് കഷണങ്ങൾ പറന്നു പൊങ്ങും. ഇതോടെ പ്രവർത്തകരുടെ ആവേശവും ഇരട്ടിയാകും. പരിപാടി കൊഴുപ്പിക്കാൻ ഡിജെ പാട്ടിനൊപ്പം പോപ്പറും നല്ല ചേരുവയാണെന്നു നേതാക്കൾക്കും മനസ്സിലായിട്ടുണ്ട്. സ്ഥാനാർഥിക്ക് അൽപം താരപരിവേഷം നൽകാനും ഇതു സഹായിക്കും. പോപ്പർ ബ്ലാസറ്റ് വെടി പൊട്ടിക്കുന്നതോടെ സംഗതി കളറാകും. 

വർണക്കടലാസുകൾ പറക്കണമെങ്കിൽ കാശ് ഇറക്കണമെന്നു മാത്രം. 15,000 രൂപയ്ക്ക് 10 ഷോട്ടുകളാണു മിനിമം ചെയ്യുന്നതെന്നു ഈ രംഗത്ത് പ്രവർത്തിക്കുന്ന കൂടൽ സ്വദേശികളായ വിഷ്ണു, രാഹുൽ, ആദർശ്, അഭിജിത്ത് എന്നിവർ പറഞ്ഞു. റോഡ് ഷോയുടെ ദൂരം കൂടുന്നതിന് അനുസരിച്ച് റേറ്റും കൂടും. യുപി, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് മെഷീൻ എത്തിക്കുന്നത്. കാർബൺ ഡൈഓക്സൈഡ് ഉപയോഗിച്ചാണു വർണക്കടലാസുകൾ പറത്തിവിടുന്നത്. ചെറുതായി മുറിച്ച കടലാസുകളും പുറത്തു നിന്നാണ് വരുന്നതെന്നു വിഷ്ണു പറയുന്നു. 20 കിലോ വർണക്കടലാസിന് 4000 രൂപയാണ് വില. ലേസർ, സ്മോക്ക് എന്നിവ ചേരുമ്പോൾ മനോഹര കാഴ്ചയാണ് പോപ്പറുകൾ സൃഷ്ടിക്കുന്നത്. ക്ഷേത്ര ഉത്സവങ്ങളിലെ ഘോഷയാത്രകളിൽ വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ തിരഞ്ഞെടുപ്പായതോടെ പാർട്ടി പതാകകളിലെ നിറങ്ങളാണ് ആകാശത്ത് പറക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com