കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് പരുക്ക്
Mail This Article
വയല ∙ കൃഷിയിടങ്ങൾ തേടി എത്തുന്ന കാട്ടു പന്നി ജനങ്ങളുടെ ജീവന് ഭീഷണിയായി മാറി. പന്നിയുടെ ആക്രമണത്തെ തുടർന്ന് വീട്ടമ്മ കിണറ്റിൽ വീണ വയലായിൽ കഴിഞ്ഞ ദിവസം പന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. മണ്ണടി മുല്ലേലി മുക്ക് സ്വദേശി അജികുമാർ (47) നാണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. കുറ്റിക്കാടുകൾ താവളമാക്കിയ പന്നിക്കൂട്ടം രാത്രി സമയം പ്രധാന നിരത്ത് മുറിച്ചാണ് താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ എത്തുന്നത്.
ഏഴംകുളം–കടമ്പനാട് മിനി ഹൈവേ മുറിച്ചു കടക്കുന്ന ഇവ വയലാ ഏലായിലെ കൃഷിയിടങ്ങൾ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഇവിടെ മരച്ചീനിക്കൃഷി വ്യാപകമാണ്. ഇവിടെ മുൻപ് റോഡു മുറിച്ചു കടന്ന പന്നി വാഹനമിടിച്ച് ചത്തിട്ടുണ്ട്. ആഴ്ചകൾക്കു മുൻപാണ് പന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ ഓടി മാറിയ വീട്ടമ്മ സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണതും പരുക്കില്ലാതെ രക്ഷപ്പെട്ടതും. പന്നിക്കൂട്ടം എംസി റോഡു മുറിച്ചു കടക്കുന്നതും പതിവാണ്.