ADVERTISEMENT

പുറമറ്റം ∙ പുതുശേരി–പുറമറ്റം–കുമ്പനാട് റോഡിൽ കറുത്തവടശേരിക്കടവ് പാലത്തിന്റെ സമീപനപാതയിൽ ഇടിതാങ്ങി സ്ഥാപിച്ചു. അപകടഭീതിയില്ലാതെ ഇനി സഞ്ചരിക്കാം. റോഡ് മാസങ്ങൾക്ക് മുൻപ് മെച്ചപ്പെട്ട നിലയിൽ ടാറിങ് നടത്തിയിരുന്നുവെങ്കിലും കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്ത് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ സമീപനപാതയിൽ വാഹനങ്ങളുടെ സുരക്ഷയ്ക്കായി ഇടിതാങ്ങി സ്ഥാപിച്ചിരുന്നില്ല. പുറമറ്റം പഞ്ചായത്തിലെ കരകളിലെ സമീപനപാതകൾ 200 മീറ്ററിലേറെ ദൂരത്തിൽ 30 അടിയിലേറെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച പാലത്തിന്റെ കല്ലൂപ്പാറ കരയിലെ ഒരുവശത്ത് പൂർണമായും മറുവശത്ത് ഭാഗികമായും മാത്രമാണ് ഇടിതാങ്ങി സ്ഥാപിച്ചിരുന്നത്. പുറമറ്റം പഞ്ചായത്ത് കരയിൽ ഇരുവശങ്ങളിലും സംരക്ഷണവേലിയില്ലായിരുന്നു. ഇവിടെ ഇപ്പോൾ ഇരുവശങ്ങളിലും പൂർണമായും ഇടിതാങ്ങി സ്ഥാപിച്ച് വാഹനങ്ങൾക്ക് സംരക്ഷണമൊരുക്കിയിട്ടുണ്ട്. 

എന്നാൽ, കല്ലൂപ്പാറ പഞ്ചായത്ത് കരയിലെ മറ്റിടങ്ങളിൽകൂടി ഇടിതാങ്ങി സ്ഥാപിക്കാത്തത് അപകടക്കെണിയാണ്. 6.5 കിലോമീറ്റർ ദൈർഘ്യത്തിൽ ഉന്നത നിലവാരത്തിൽ റോഡ് മെച്ചപ്പെടുത്തിയെങ്കിലും ടാറിങ്ങിനോടു ചേർന്നുനിൽക്കുന്ന വൈദ്യുതത്തൂണുകളും അപകടഭീതി സൃഷ്ടിക്കുന്നു. പുറമറ്റം വില്ലേജ് ഓഫിസിന് സമീപത്തുള്ള തൂണിൽ വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. റോഡിന്റെ വീതിക്കുറവും പ്രശ്നം സങ്കീർണമാക്കുന്നു. ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ ഘടിപ്പിച്ചിരിക്കുന്ന തൂണുകളാണ് ഏറെയും.

എഴുമറ്റൂർ∙ അപകട മേഖലയിൽ ഇടിതാങ്ങി സ്ഥാപിച്ചു. ശാസ്താംകോയിക്കൽ - എഴുമറ്റൂർ റോഡിൽ പെരുമ്പാറയ്ക്ക് സമീപം കൊടുംവളവിൽ പാതയോരം ചേർന്ന ഉപേക്ഷിക്കപ്പെട്ട കുഴിമടയുടെ ഓരത്താണ് ഇടിതാങ്ങി സ്ഥാപിച്ചത്. ഇവിടെ അപകട സാധ്യത നിലനിൽക്കുന്നതായി മലയാള മനോരമ മുൻപ് വാർത്ത നൽകിയിരുന്നു. ശാസ്താംകോയിക്കൽ- പെരുമ്പാറ - എഴുമറ്റൂർ റോഡ് 4.5 കോടി രൂപയുടെ ഉന്നത നിലവാരത്തിലാക്കൽ പദ്ധതിയുടെ ഭാഗമായാണ് 30 മീറ്റർ നീളത്തിൽ ഇടിതാങ്ങി സ്ഥാപിച്ചത്. ഇതോടെ ഈ ഭാഗത്തുകൂടിയുള്ള യാത്രികരുടെ ആശങ്കയ്ക്ക് വിരാമമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com