സ്വർണ ജീവതയിൽ ദേവി എഴുന്നള്ളി; ഭക്തിസാന്ദ്രമായി ഇടപ്പാവൂർ പൂരം
Mail This Article
ഇടപ്പാവൂർ ∙ ‘അമ്മേ നാരായണ, ദേവി നാരായണ’ മന്ത്രധ്വനികളുടെ ഭക്തിസാന്ദ്രതയിൽ സ്വർണ ജീവതയിൽ ദേവി എഴുന്നള്ളി. പുഷ്പവൃഷ്ടി നടത്തി ഭക്തസഹസ്രങ്ങൾ നാടിന്റെ ദേവതയെ എതിരേറ്റു. ഇടപ്പാവൂരമ്മയുടെ തിരുനാളായ മീനത്തിലെ പൂരം ദേശത്തിനാകെ ആഘോഷമായി. അഷ്ടദ്രവ്യ ഗണപതിഹോമത്തോടെയാണ് ഇന്നലെ പൂരത്തിന്റെ ചടങ്ങുകൾ തുടങ്ങിയത്. വിശേഷാൽ പൂജകൾക്കും നവകം, ശ്രീഭൂതബലി എന്നിവയ്ക്കും ശേഷം പ്രസിദ്ധമായ അൻപൊലി എഴുന്നള്ളത്തിനുള്ള ഒരുക്കം തുടങ്ങി. പകൽ പൂരത്തിനു തുടക്കം കുറിച്ച് സിനിമ നടൻ കൃഷ്ണപ്രസാദ് ദീപം തെളിച്ചു. തുടർന്ന് ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് ദുർഗാ ക്ഷേത്രത്തിലേക്ക് അൻപൊലി എഴുന്നള്ളത്ത് തുടങ്ങി.
പുതിയകാവ് വിഷ്ണുവിന്റെ പ്രമാണത്തിൽ കൊട്ടിക്കയറിയ പഞ്ചാരിമേളവും കലാമണ്ഡലം അക്ഷയ്‌യുടെ പ്രമാണത്തിൽ ഒരുക്കിയ മേളപ്പെരുക്കവും നീലത്തിൽ രഘു ആനന്ദൻ നായരും സംഘവും അവതരിപ്പിച്ച മേളവും അറുകാലിക്കൽ സച്ചിദാനന്ദനും സംഘവും ഒരുക്കിയ പഞ്ചവാദ്യവും ഭഗവതിക്കു മുന്നിൽ നീങ്ങി. വേലകളി, പമ്പമേളം, കരകം, തെയ്യം എന്നിവ അകമ്പടിയായി. പൂത്താലത്തിന്റെ പിന്നാലെയെത്തിയ അമ്മയ്ക്കു മുന്നിൽ വഞ്ചിപ്പാട്ടൊരുക്കി നാട് വരവേൽപു നൽകി. ശ്രീകോവിലിന് ഒരു പ്രദക്ഷിണം നടത്തിയാണ് തിരുമുന്നിൽ ദേവിയെ എഴുന്നള്ളിച്ചിരുത്തിയത്. ദീപാരാധനയോടെയാണ് വനദുർഗാ ക്ഷേത്രത്തിലേക്ക് ദേവിയെ സ്വീകരിച്ചത്. പ്രമോദ് നാരായൺ എംഎൽഎ ആദ്യ അൻപൊലി സമർപ്പിച്ചതോടെ അൻപൊലി, നിറപറ സമർപ്പണത്തിനു തുടക്കമായി. നാട്ടിലും പുറത്തും നിന്നുള്ള ഭക്തർ അൻപൊലി സമർപ്പിക്കാനെത്തിയിരുന്നു. അമ്മയുടെ പിറന്നാളിന് മഹാപ്രസാദമൂട്ടും നടത്തി.
വൈകിട്ട് പേരൂർ മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്തി. പിന്നാലെ രാത്രി പൂരത്തിനു തുടക്കമായി. വഞ്ചിപ്പാട്ട്, വേലകളി, താലപ്പൊലി, തെയ്യം, കരകം, പമ്പമേളം, നാഗനൃത്തം, ശിവപാർവതി നൃത്തം, വിളക്ക് നൃത്തം, കൊട്ടക്കാവടി, മയൂരനൃത്തം, ഹനുമാൻ വേഷം, പാഞ്ചാരിമേളം, ചെണ്ടമേളം, മുത്തുക്കുടകൾ, തീവെട്ടി, നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ എന്നിവയുടെ അകമ്പടിയോടെയാണ് പേരൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് എതിരേൽപ് നടത്തിയത്. പുലർച്ചെ ആറാട്ടോടെ സമാപിച്ചു. മേൽശാന്തിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, എൻ.വി.പ്രകാശ് നമ്പൂതിരി, മഞ്ജുഷ് എം.നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ എം.ജോഷ്കുമാർ, വി.കെ.ഗോപകുമാർ, എം.ടി.സുരേഷ്, വിദ്യാധരൻ അമ്പലാത്ത്, വി.ഗിരീഷ് എന്നിവർ നേതൃത്വം വഹിച്ചു.