വെറുതെ കിടന്ന് തുരുമ്പെടുത്ത് 15 വർഷം കഴിഞ്ഞ വാഹനങ്ങൾ
Mail This Article
പെരുമ്പെട്ടി ∙ ആരോഗ്യവകുപ്പിന്റെ കാലഹരണപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യാതെ വെയിലും മഴയുമേറ്റു നശിക്കുന്നു. എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസും വാനുമാണ് തുരുമ്പെടുത്ത് ഇഴജന്തുക്കൾ താവളമായി നശിക്കുന്നത്. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തോടെ കാര്യമായ തകരാറുകളില്ലാതെ ഓടിക്കോണ്ടിരുന്ന വാഹനങ്ങൾ ഒരുവർഷത്തിലധികമായി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. കാലതാമസം കൂടാതെ ലേലം ചെയ്തിരുന്നുവെങ്കിൽ മികച്ച തുക ലഭിക്കുമായിരുന്നത് നടപടികൾ വൈകുന്നതനിസരിച്ച് സർക്കാരിന് വൻ നഷ്ടമാണുണ്ടാകുന്നത്.
എട്ട് കോടി രൂപ ചെലവിൽ സാമൂഹിക കേന്ദ്രത്തിന്റെ കെട്ടിട നിർമാണം പുരോഗമിക്കുമ്പോൾ ചെറുകോൽപുഴ - പൂവനക്കടവ് റോഡിൽ അട്ടക്കുഴിക്ക് സമീപമുള്ള വയോജനങ്ങൾക്കായി നിർമിച്ച കെട്ടിടത്തിലാണ് സാമൂഹിക കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന ഇവിടെ ആശുപത്രിയുടെ പ്രവേശന കവാടത്തിന് ഇരുവശത്തുമായി ഒന്ന് ഷെഡിലും മറ്റൊന്ന് പുറത്തുമാണ് തള്ളിയിരിക്കുന്നത്. വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും ലേല നടപടികൾ ത്വരിതപ്പെടുത്തണമെന്നും ആവശ്യം ശക്തമാണ്.