മതിലു തകർത്ത്, വാഴയും വീഴ്ത്തി ആനവിളയാട്ടം
Mail This Article
ബൗണ്ടറി ∙ സ്കൂളിന്റെ മതിലും വൻതോതിൽ വാഴകളും നശിപ്പിച്ച് കാട്ടാന വിളയാട്ടം. കടുത്ത ചൂടിൽ കാട്ടാനകൾ കാടു കയറാതെ നാട്ടിൽ കറങ്ങുന്നത് ജനങ്ങൾക്കു ഭീഷണിയായി. വടശേരിക്കര ബൗണ്ടറി മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ മതിലാണ് തകർത്തത്. വലിയത്തറയിൽ ജോൺ വി.ചെറിയാന്റെ കൃഷിയിടത്തിലെ വേലിയും വാഴകളും നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സ്കൂളിന്റെ മതിൽ തകർത്തത്. ചെമ്പരത്തിമൂട് വഴി രാത്രിയെത്തിയ കാട്ടാന മതിൽ തകർത്ത ശേഷമാണ് മുക്കാൽ കിലോമീറ്ററോളം അകലെയുള്ള ജോണിന്റെ കൃഷിയിടത്തിലെത്തിയത്. പൈപ്പുകൾ നാട്ടി ഇരുമ്പു വല ഉപയോഗിച്ചു നിർമിച്ചിരുന്ന വേലി തകർത്താണ് കൃഷിയിടത്തിലേക്കു കടന്നത്. കുലച്ചതും കുലയ്ക്കാത്തതുമായ 200 മൂടോളം വാഴകൾ നശിപ്പിച്ചു. മണിക്കൂറുകളോളം കൃഷിയിടത്തിൽ നിന്ന് നാശം വരുത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിലും ജോണിന്റെ പുരയിടത്തിൽ കാട്ടാന എത്തിയിരുന്നു. അന്നും വാഴ, ജാതി, പറങ്കിമാവ് എന്നിവ നശിപ്പിച്ചിരുന്നു. വനത്തിലെ പച്ചപ്പ് കരിഞ്ഞുണങ്ങിയതു മൂലം തീറ്റയ്ക്കു കുറവുണ്ട്. കൂടാതെ കാട്ടരുവികളും തോടുകളും വറ്റി വരണ്ടതോടെ വെള്ളത്തിനും ക്ഷാമമാണ്. വെള്ളവും തീറ്റയും തേടിയാണ് ആനയെത്തുന്നത്. താമരപ്പള്ളി തോട്ടം, ഒളികല്ല് എന്നിവിടങ്ങളിലും കല്ലാറ്റിലും കാട്ടാനകളുടെ സാന്നിധ്യം ദിവസേനയുണ്ട്. കഴിഞ്ഞ 10 ദിവസമായി കൂട്ടത്തോടെയും ഒറ്റയ്ക്കും ആന നാട്ടിലുണ്ട്. വനാതിർത്തികളിൽ നിന്ന് 2 കിലോമീറ്ററോളം അകലെയുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ആന എത്തുന്നത്.