ഉത്സവം ഉത്രശ്രീബലിക്ക് സാപനം; ശ്രീവല്ലഭ പുരിയിൽ അഞ്ചീശ്വര സംഗമം
Mail This Article
തിരുവല്ല∙ശ്രീവല്ലഭ ക്ഷേത്രത്തിൽ ആചാരപ്പെരുമയിൽ ഉത്രശ്രീബലി സമാപിച്ചു. ഇന്നലെ രാത്രി എട്ടിന് വടക്കേ ഗോപുര നട തുറന്നതോടെ ഉത്രശ്രീബലി ഉത്സവത്തിന് തുടക്കമായി. സ്വന്തം ദേശത്ത് നിന്ന് പടപ്പാട്, കരുനാട്ടുകാവ്,ആലംതുരുത്തി ഭഗവതിമാർ വടക്കേ ഗോപുര നട വഴി മതിലകത്ത് എത്തി. ബലിക്കൽപുരയ്ക്കൽ എത്തിയ ഭഗവതിമാരെ ശ്രീവല്ലഭ സ്വാമിയും സുദർശന മൂർത്തിയും ഗരുഡ വാഹനത്തിൽ എത്തി സ്വീകരിച്ചു.
തുടർന്ന് ക്ഷേത്രത്തിന്റെ വടക്കേ മൂലയിൽ അഞ്ചീശ്വര സംഗമവും നടന്നു. താളമേളങ്ങളുടേയും തീവെട്ടിപ്രഭയുടെയും അകമ്പടിയോടെ സംഗമിച്ച ഭഗവാൻമാരുടെയും ഭഗവതിമാരുടെയും ദർശനം ഭക്തർക്ക് വേറിട്ട അനുഭവമായി. തുടർന്ന് തുകലശേരി ആറാട്ട് കടവിൽ ആറാടി എത്തിയ ഭഗവതിമാർ വീണ്ടും ശ്രീവല്ലഭ സന്നിധിയിൽ എത്തി.
ശ്രീവല്ലഭ,സുദർശന മൂർത്തികളുടെ ശ്രീബലി എഴുന്നള്ളിപ്പിന് ശേഷം ആലംതുരുത്തി ഭഗവതിയുടെ ജീവതകളി എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് കരുനാട്ട്കാവ്,പടപ്പാട് ഭഗവതിമാർ ഉപചാരംചൊല്ലി പിരിഞ്ഞു. പിന്നീട് കൈനീട്ടം വാങ്ങി ആലംതുരുത്തി ഭഗവതിയുടെ കൂടിപ്പിരിയൽ നടന്നു. ഭഗവതിമാർ വടക്കേ നട വഴി പുറത്തിറങ്ങി സ്വദേശങ്ങളിലേക്ക് തിരിച്ചതോടെ വടക്കേ ഗോപുര നട അടച്ചു. അടുത്ത ഉത്ര ശ്രീബലിക്ക് മാത്രമേ വടക്കേ നട തുറക്കുകയുള്ളൂ. ഇനി ഭക്തരുടെ ഒരു വർഷത്തെ കാത്തിരിപ്പ്.