വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ; സൗരോർജ വേലി സ്ഥാപിക്കൽ ഊർജിതമാക്കി വനം വകുപ്പ്
Mail This Article
സീതത്തോട്∙ജനവാസ മേഖലകളിലേക്കു വന്യമൃഗങ്ങളുടെ കടന്നു കയറ്റം തടയുന്നതിനു വനം വകുപ്പിന്റെ നേതൃത്വത്തിൽ സൗരോർജ വേലികൾ സ്ഥാപിക്കുന്ന ജോലികൾ ഊർജിതമാക്കി. സ്ഥലവാസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പരമാവധി ദൂരത്തിൽ വ്യാപിപ്പിച്ച് മൃഗങ്ങളെ വനത്തിനു പുറത്തിറങ്ങാതെ നോക്കാനുള്ള ശ്രമമാണ് വനം വകുപ്പ് ആലോചിക്കുന്നത്.
ഗുരുനാഥൻമണ്ണ് സ്റ്റേഷന്റെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗരോർജവേലികൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. മുൻപ് ഉണ്ടായിരുന്ന വേലി പുതുക്കി പുതിയ കമ്പികൾ വലിച്ചും ബാറ്ററികൾ സ്ഥാപിച്ചും ജന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വേലിയുടെ മുകളിൽ കമ്പുകൾ മറ്റും വീണാൽ ഉടൻ തന്നെ മാറ്റാൻ കഴിഞ്ഞാൽ കൂടുതൽ കാലം ഈ വേലികൾ നിലനിൽക്കുമെന്നാണ് വനപാലകർ പറയുന്നത്.
മുൻപ് ഉണ്ടായിരുന്ന വേലികളും പുനരുദ്ധരിക്കാൻ ആലോചിക്കുന്നതായി വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി രതീഷ് പറഞ്ഞു.വന്യമൃഗ ശല്യം രൂക്ഷമായ കിഴക്കൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലും മുൻപ് സൗരോർജ വേലികൾ നിർമിച്ചിട്ടുണ്ടെങ്കിലും മിക്കവയും ഉപയോഗയോഗ്യമല്ല.ലൈനിനു മുകളിൽ മരങ്ങൾ ഒടിഞ്ഞ് വീണും കാട്ടാനകൾ നശിപ്പിച്ചുമാണ് ഇവ തകരാറിലായത്.