നാശോന്മുഖം മണിമലയാറ്റിലെ കുളിക്കടവുകൾ; പടിക്കെട്ടുകൾ തകർന്നു, ചെളി നീക്കാനും നടപടിയില്ല
Mail This Article
മല്ലപ്പള്ളി ∙ മണിമലയാറ്റിലെ നാശോന്മുഖമായ കുളിക്കടവുകളിൽ ആൾക്കാർ ഇറങ്ങുന്നത് അപകടഭീതിയിൽ. കടവുകളിലേക്ക് ഇറങ്ങുന്ന വഴികളും ശോച്യാവസ്ഥയിൽ. പടിക്കെട്ടുകൾ തകർന്നത് പുനരുദ്ധരിക്കാത്തതും വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തി അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യാത്തതുമാണ് അപകടക്കെണിയാകുന്നത്. കോട്ടാങ്ങൽ, ആനിക്കാട്, പുറമറ്റം, മല്ലപ്പള്ളി, കല്ലൂപ്പാറ പഞ്ചായത്തുകളിൽ നാശോന്മുഖമായ കടവുകൾ കാണാൻ കഴിയും.
മല്ലപ്പള്ളി വലിയപാലത്തോടു ചേർന്നുള്ള പുവനക്കടവിൽ ആളുകൾ ഇറങ്ങുന്നതു ഭീതിയോടെയാണ്. കടവിലെ കൽക്കെട്ടുകൾ തകർന്നത് പുനരുദ്ധരിക്കാത്തതാണു നാശത്തിന്റെ വക്കിലായത്. തീരസംരക്ഷണത്തിനു മേജർ ഇറിഗേഷൻ പദ്ധതിയിൽപ്പെടുത്തി 6 വർഷം മുൻപാണ് സംരക്ഷണഭിത്തി നിർമിച്ചത്. 25 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് അന്ന് നടത്തിയത്. തടയണയ്ക്കു സമീപം 72 മീറ്റർ നീളത്തിൽ 10 അടിയിലേറെ ഉയരത്തിലാണ് പ്രവൃത്തികൾ നടത്തിയത്.
മറുകരയിലും കുറേഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചിരുന്നു. കൽക്കെട്ടിനു മുകളിൽ കോൺക്രീറ്റും നടത്തിയിരുന്നു. ആളുകൾക്കു സുരക്ഷിതമായി നദിയിലേക്കിറങ്ങുന്നതിനു പടവുകളും പണിതു. എന്നാൽ, ഇവയെല്ലാം ഇപ്പോൾ തകർച്ചയിലാണ്. പടവുകളോടു ചേർന്നുള്ള കോൺക്രീറ്റ് ഇളകി. ഇവിടെ താഴ്ചയേറെയുള്ള കയവുമുള്ളതിനാൽ ദുരന്തത്തിന് വഴിതെളിക്കാം. വർഷങ്ങൾക്ക് മുൻപ് ഒരേ ദിവസം 2 പേർ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളും പ്രദേശവാസികളും ഉൾപ്പെടെ ഒട്ടേറെ ആൾക്കാരാണ് ഇവിടെ കുളിക്കുന്നതിനും തുണികൾ അലക്കുന്നതിനുമായി എത്തുന്നത്. തുടർച്ചയായുണ്ടാകുന്ന പ്രളയമാണ് സംരക്ഷണഭിത്തിയുടെ തകർച്ചയ്ക്കു കാരണമെങ്കിലും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നത്. മല്ലപ്പള്ളി പഞ്ചായത്തിലെ ശുദ്ധജല വിതരണപദ്ധതിയുടെ പമ്പ്ഹൗസിനോടു ചേർന്ന് നദീതീരം സംരക്ഷിക്കുന്നതിനുള്ള സംരക്ഷണഭിത്തിയുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. പുവനക്കടവും സംരക്ഷിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.