കാലപ്പഴക്കം: കാഞ്ഞിരമുകൾ കനാൽപ്പാലം അപകടാവസ്ഥയിൽ
Mail This Article
കലഞ്ഞൂർ∙കാഞ്ഞിരമുകൾ കനാൽപാലം വീതികൂട്ടി പുനർനിർമിക്കണമെന്ന് ആവശ്യം. പഞ്ചായത്തിലെ 17-ാം വാർഡിൽ കെഐപി കനാലിൽ 60 വർഷം മുൻപ് നിർമിച്ച ചെറിയ പാലമാണിത്. വെള്ളമൊഴുകിപ്പോകാനായി സ്ഥാപിച്ചതാണെങ്കിലും ആളുകൾ നടപ്പാതയായും ഉപയോഗിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് ഇത് അപകടഭീഷണിയിലുമായി. കാഞ്ഞിരമുകൾ, പാലമല പ്രദേശത്തുള്ള അൻപതോളം കുടുംബങ്ങൾ നടന്നുപോകാനായി ഈ പാലത്തെ ആശ്രയിക്കുന്നു. 56-ാം നമ്പർ അങ്കണവാടിയിലേക്ക് കുട്ടികളുമായി രക്ഷാകർത്താക്കളും ജീവനക്കാരും പോകുന്നതും ഇതുവഴിയാണ്.
മഴക്കാലത്ത് പാലത്തിൽ വെള്ളം നിറഞ്ഞു കവിഞ്ഞ് കനാലിലേക്കു പോകുന്ന സാഹചര്യത്തിൽ ഇതുവഴിയുള്ള യാത്ര മുടങ്ങും. പിന്നീട് ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ച് മറ്റൊരു പാലത്തിലൂടെയാണ് അങ്കണവാടിയിലെത്തുന്നത്. ഇതുമൂലം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവർക്കും സാധനങ്ങൾ എത്തിക്കുന്നതിനടക്കം പ്രയാസം നേരിടുന്നു. ഇതു പരിഹരിക്കാൻ കാഞ്ഞിരമുകൾ, പാലമല പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുചെല്ലാൻ കഴിയുന്ന വിധത്തിൽ പാലം നിർമിക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.