റോഡ് നന്നാക്കിയില്ല; കരാറുകാരന്റെ വീടിനു മുന്നിൽ സത്യഗ്രഹം
Mail This Article
വെച്ചൂച്ചിറ ∙ തകർന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കരാറുകാരന്റെ വീടിനു മുന്നിൽ പഞ്ചായത്തംഗത്തിന്റെ സത്യഗ്രഹം. വെച്ചൂച്ചിറ പഞ്ചായത്തംഗം സജി കൊട്ടാരമാണ് കരാറുകാരന്റെ കൂത്താട്ടുകുളത്തെ വീടിനു മുന്നിൽ സത്യഗ്രഹം നടത്തിയത്. വെച്ചൂച്ചിറ പഞ്ചായത്തിലെ 15–ാം വാർഡ് അംഗമാണു സജി. വാർഡിലെ കുന്നം ഹോമിയോ ആശുപത്രി–അച്ചടിപ്പാറ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സത്യഗ്രഹം. കുന്നം ജംക്‌ഷൻ–ഹോമിയോ ആശുപത്രി പടി വരെ ജില്ലാ പഞ്ചായത്തിന്റെ ചെലവിൽ പുനരുദ്ധരിച്ചിരുന്നു. ഇവിടം അടക്കം റോഡ് തകർന്നു കിടക്കുകയാണ്. റോഡിന്റെ ബാക്കി ഭാഗത്ത് കാൽനട പോലും ദുഷ്കരമാണ്. ഇതു നവീകരിക്കുന്നതിന് പഞ്ചായത്ത് കരാർ ക്ഷണിച്ചിരുന്നു. കരാറുകാരൻ പണി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ മാസങ്ങളായിട്ടും പണി നടത്തുന്നില്ലെന്നാണ് സജിയുടെ പരാതി. വെച്ചൂച്ചിറ പഞ്ചായത്തിൽ നിന്ന് ഒക്ടോബറിൽ കരാർ ചെയ്ത പണികളൊന്നും ചെയ്തിട്ടില്ലെന്ന് പ്രസിഡന്റ് ടി.കെ.ജയിംസ് അറിയിച്ചു. ഇതു ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് എൻജിനീയറോടു വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കത്തു കൈപ്പറ്റാതെ ഒരു മാസമായി അവധിയിലാണ്. പണികൾ നടത്തുന്നതിൽ അസിസ്റ്റന്റ് എൻജിനീയറുടെയോ കരാറുകാരുടെയോ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോയെന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനീയർക്കു കത്തു നൽകിയതായി പ്രസിഡന്റ് പറഞ്ഞു.