കാവലിരുന്നിട്ടും കാര്യമില്ല; കവർന്നെടുത്ത് കാട്ടുപന്നി
Mail This Article
തുമ്പമൺ ∙ ഏപ്രിൽ പകുതിയോടെ വിളവെടുപ്പിനു പാകമായ മാവരപ്പാടത്തെ നെൽക്കൃഷി പന്നിക്കൂട്ടം നശിപ്പിച്ച നിലയിൽ. പഞ്ചായത്തിലെ മാവര ബി, എ പാടശേഖരങ്ങളിലാണ് വ്യാപകനാശം. പന്നിക്കൂട്ടം വിഹരിച്ചത് കാരണം ഏക്കറുകണക്കിനു പാടത്തെ നെൽച്ചെടികൾ നിലംപൊത്തി. മാവര ബി പാടത്തെ വിളവെടുപ്പ് അടുത്ത മാസം 13ന് നടത്താനിരിക്കെയാണ് പന്നിയുടെ ആക്രമണം. ഉമ വിത്താണ് കൃഷിക്കുപയോഗിച്ചത്. താരതമ്യേന ഇത്തവണ നല്ല വിളവ് ലഭിച്ചിരുന്നെന്നു കർഷകൻ കൂടിയായ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എ.രാജേഷ് പറഞ്ഞു. തുമ്പമൺ മുറിപ്പാറയിൽ പി.കെ.പ്രസാദിന്റെ മാവര എ പാടത്തെ നെൽക്കൃഷിയും വ്യാപകമായി നശിപ്പിച്ചു. ഇവിടെ അടുത്ത മാസം അവസാനത്തോടെ വിളവെടുപ്പ് നടത്താനിരുന്നതാണ്. ഇത്തവണ ഇതുവരെ 5 ലക്ഷത്തോളം രൂപ ചെലവായെന്ന് പ്രസാദ് പറഞ്ഞു. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ 4 മോട്ടർ ഉപയോഗിച്ചു മുടങ്ങാതെ വെള്ളം തളിച്ചാണ് നെൽച്ചെടികൾ ഈ നിലയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉറക്കമൊഴിഞ്ഞു കാവൽ
പന്നി ശല്യം വ്യാപകമായതോടെ കർഷകർ രാത്രി ഉറക്കമൊഴിഞ്ഞു കാവലിരിക്കുന്നത് പതിവായിരുന്നു. പടക്കം പൊട്ടിച്ചും മറ്റും തുരത്താൻ ശ്രമിച്ചിട്ടും പന്നിക്കൂട്ടം വിഹരിക്കുകയാണ്. പഞ്ചായത്ത് 3 ഷൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും നിയന്ത്രിക്കാനാവാത്ത വിധം പന്നിക്കൂട്ടം പെരുകി. കർഷകനായ പ്രസാദിന്റെ 200ഓളം കുലവാഴകൾ കഴിഞ്ഞ ജൂണിലുണ്ടായ ശക്തമായ കാറ്റിൽ നശിച്ചിരുന്നു. ഇൻഷ്വർ ചെയ്തിരുന്നെങ്കിലും നഷ്ടപരിഹാരം കിട്ടിയില്ല. ഇനിയും നഷ്ടം സഹിക്കാൻ മാർഗമില്ലാത്തതു കൊണ്ടാണ് നെൽക്കൃഷിക്ക് കാവലിരിക്കുന്നതെന്നും പ്രസാദ് പറയുന്നു.
ഷൂട്ടർമാർക്ക് തോക്ക് വിട്ടുനൽകാൻ പ്രത്യേകാനുമതി
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഷൂട്ടർമാർ തോക്കുകൾ ഹാജരാക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതു കാരണം പന്നിക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടി മുടങ്ങി. ചട്ട പ്രകാരം പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷമേ ഇവ തിരികെ ലഭിക്കൂ. എന്നാൽ, ഇതു സംബന്ധിച്ചു പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ കലക്ടർക്ക് കത്ത് നൽകിയിരുന്നു. സ്ഥിരം സമിതി അധ്യക്ഷൻ ടി.എ.രാജേഷ്, കലക്ടറെയും എഡിഎമ്മിനെയും നേരിട്ടു കണ്ട് പരാതി അറിയിച്ചു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ ഇടപെട്ടു. ഇതനുസരിച്ചു 15 ഷൂട്ടർമാർക്ക് തോക്കുകൾ വിട്ടുകിട്ടി. തുമ്പമൺ പഞ്ചായത്തിലേക്ക് 3 പേരുടെ സേവനം ലഭ്യമാകുമെന്നു പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എ.രാജേഷ് പറഞ്ഞു.