ADVERTISEMENT

വടശേരിക്കര ∙ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് വിദ്യാർ‌ഥിക്ക് ദാരുണാന്ത്യമുണ്ടായി 10 ദിവസം പിന്നിടും മുൻപ് ശബരിമല പാതയിലും ലോറിയിൽ നിന്ന് കല്ല് തെറിച്ചു വീണു. വാഹന കാൽനട യാത്രക്കാരാരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയിൽ വടശേരിക്കര വിശുദ്ധ മർ‌ത്തമറിയം തീർഥാടന പള്ളിക്കു സമീപം വലിയതറയിൽ പടിയിൽ ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. ടോറസ് ലോറിയിൽ നിന്നാണ് കല്ലു തെറിച്ചു വീണത്. ഡ്രൈവർ സംഭവം അറിഞ്ഞതേയില്ല. നിർത്താതെ ലോറി വിട്ടുപോയി. വഴിയാത്രക്കാരനാണ് കല്ല് റോഡിൽ നിന്നെടുത്ത വശത്തേക്കിട്ടത്.

ഈ മാസം 19ന് രാവിലെ 8ന് ആണ് വിഴിഞ്ഞം തുറമുഖത്തേക്കു കരിങ്കല്ലുമായി പോയ ടിപ്പറിൽ നിന്ന് കല്ല് വീണ് ബിഡിഎസ് വിദ്യാർ‌ഥി അനന്തു ബി.അജികുമാർ (26) മരിച്ചത്. ഇതിനു ശേഷം കരിങ്കല്ലുമായി പോകുന്ന ലോറികളിൽ സുരക്ഷയുറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു ശേഷവും മാറ്റമില്ലെന്നാണ് വടശേരിക്കരയിലെ സംഭവം തെളിയിക്കുന്നത്. 

കോന്നി–പ്ലാച്ചേരി പാതയുടെ നിർ‌മാണം നടക്കുന്ന സമയത്ത് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലൂടെ വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. അന്ന് അമിത വേഗത്തിൽ പാഞ്ഞ ടിപ്പറിൽ നിന്ന് കരിങ്കല്ല് തെറിച്ച് സ്റ്റാൻഡിൽ വീണിരുന്നു. തലനാരിഴയ്ക്കാണ് അന്ന് യാത്രക്കാർ രക്ഷപ്പെട്ടത്. കരിങ്കല്ലിനു മുകളിൽ പടുത വലിച്ചു കെട്ടിയിരുന്നില്ല.

നിർമാണങ്ങളുടെ മറവിൽ ഗ്രാമ പ്രദേശങ്ങളിൽ നിന്ന് വൻതോതിൽ പാറ പൊട്ടിച്ചു നീക്കുന്നുണ്ട്. അവ അനധികൃതമായി വിൽപന നടത്തുകയാണ്. ഇത്തരത്തിൽ പാറ കയറ്റിപ്പോകുന്ന ലോറികൾ അമിത വേഗത്തിലാണ് പായുന്നത്. വടശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കൽ കോളജിനു സമീപം പെർമിറ്റില്ലാതെ 2 പാറമടകൾ പ്രവർത്തിക്കുന്നതായി പരാതിയുണ്ട്. ഇവിടെങ്ങളിൽ‌ നിന്ന് പുലർച്ചെ പാറയുമായി പോകുന്ന ലോറികൾ സമീപവാസികൾക്കു ഭീഷണിയാകുന്നതായി പരാതിയുണ്ട്. പ്രഭാത നടത്തക്കാർക്കാണു കൂടുതൽ ഭീഷണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com