അവശ്യസാധനങ്ങൾ ഇല്ലാതെ ഈസ്റ്റർ, റമസാൻ, വിഷു വിപണി
Mail This Article
പത്തനംതിട്ട ∙ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോ വിപണിയിൽ ഈസ്റ്റർ, റമസാൻ, വിഷു വിപണി ഉദ്ഘാടനം ചെയ്തെങ്കിലും അവശ്യസാധനങ്ങൾ മിക്കതും ഇല്ല.13 ഇനം സാധനങ്ങൾ പൊതുവിപണിയിലേക്കാൾ വില കുറച്ചാണ് ഇവിടെ ലഭിച്ചിരുന്നത്. അവയിൽ കുത്തരി, മുളക്, കടല, പയർ, ഉഴുന്ന് എന്നിവ മാത്രമാണ് സബ്സിഡി നിരക്കിൽ ഇപ്പോൾ എത്തിച്ചിരിക്കുന്നത്. അതു തന്നെ വളരെ കുറച്ച് അളവിൽ മാത്രമാണുള്ളത്. ഇന്നലെ ഉദ്ഘാടന ദിവസം തന്നെ സാധനങ്ങൾ ഇല്ല എന്ന വിമർശനം ഉയരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ആക്ഷേപം.
കോന്നിയിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ പഞ്ചസാര ഒഴിച്ചുളളവ ലഭ്യമാണ്. കലഞ്ഞൂരിൽ സപ്ലൈകോയിൽ ഫെയർ പ്രവർത്തിക്കുന്നില്ല. റാന്നിയിലെ സപ്ലൈകോ റമസാൻ–ഈസ്റ്റർ ചന്തയിലെത്തിയ അരി ഇന്നലെ തന്നെ തീർന്നു. ശേഷിക്കുന്ന 12 സബ്സിഡി സാധനങ്ങളിൽ 6 എണ്ണം മാത്രമേ വിൽപനയ്ക്കുള്ളൂ. വെളിച്ചെണ്ണ, വറ്റൽ മുളക്, കടല എന്നിവ മാത്രമാണ് ഇന്നലെ ഉച്ചവരെ ഉണ്ടായിരുന്നത്. ഉച്ചയ്ക്കു ശേഷം മല്ലി, ചെറുപയർ, ഉഴുന്ന് എന്നിവയും എത്തി. കുറഞ്ഞ അളവിൽ മാത്രമാണ് സാധനങ്ങൾ ലഭിച്ചിട്ടുള്ളത്.
റമസാൻ വരെ സബ്സിഡി സാധനങ്ങൾ കാണുമെന്ന് ഉറപ്പില്ല.അടൂരിൽ സപ്ലൈകോ പീപ്പിൾസ് ബസാറിൽ ഈസ്റ്റർ–റമസാൻ–വിഷു ചന്ത തുടങ്ങി. 7 കൂട്ടം സബ്സിഡി സാധനങ്ങളെ ചന്തയിൽ ഉള്ളൂ. ചെറുപയർ, മുളക്, മല്ലി, ഉഴുന്ന്, കുത്തരി, വെളിച്ചെണ്ണ, കടല എന്നീ സബ്സിഡി സാധനങ്ങൾ മാത്രമാണ് ഉള്ളത്. വൻപയർ, പച്ചരി, തുവര, പഞ്ചസാര, വെള്ളയരി തുടങ്ങിയവ ഇല്ല.