കാറിൽ പിടിവലി? വാതിൽ തുറന്നു, 3 തവണ; സർവത്ര ദുരൂഹത
Mail This Article
അടൂർ ∙ കെപി റോഡിൽ, ഏഴംകുളം പട്ടാഴിമുക്കിൽ അധ്യാപികയും സുഹൃത്തും മരിച്ച അപകടത്തിൽ വിട്ടൊഴിയാതെ ദുരൂഹത. അപകടം മനഃപൂർവം സൃഷ്ടിച്ചതാണോയെന്ന സംശയത്തിൽ പൊലീസ്. തുമ്പമൺ നോർത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ ഹാഷിം(31) എന്നിവരാണു വെള്ളി പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്.
കാറിൽ പിടിവലി നടന്നിരിക്കാമെന്നും അതിനു ശേഷമാകാം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്നുമാണു പൊലീസ് സംശയിക്കുന്നത്. അനുജ ഉൾപ്പെടെ അധ്യാപകർ സ്കൂളിൽനിന്നു തിരുവനന്തപുരത്തേക്കു വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴായിരുന്നു സംഭവം.
വ്യാഴാഴ്ച രാത്രി 10.15നു മിനി ബസ് കുളക്കടയിൽ എത്തിയപ്പോൾ ഹാഷിം കാർ ബസിനു മുന്നിൽ കയറ്റിനിർത്തി. അനുജയെ വിളിച്ചെങ്കിലും ആദ്യം അവർ ഇറങ്ങിയില്ല. അവർ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു വന്നപ്പോൾ സഹോദരൻ വിഷ്ണു ആണെന്നു പറഞ്ഞാണ് അനുജ ഹാഷിമിനൊപ്പം പോയതെന്ന് സഹഅധ്യാപകർ പൊലീസിനു മൊഴി നൽകി. അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്നു പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി.
അങ്ങനെ ഒരു അനുജൻ ഇല്ല; പിന്നാലെ ദുരന്തവാർത്ത
∙ അനുജയെ കയറ്റി ഹാഷിം അമിതവേഗത്തിൽ കാറോടിച്ചു പോയപ്പോൾ സഹഅധ്യാപകർക്കു സംശയം തോന്നിയിരുന്നു. അവർ കാറിനു പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അധ്യാപകർ അനുജയെ ഫോണിൽ വിളിച്ചപ്പോൾ അവർ കരയുകയായിരുന്നു. ഇതിനിടെ അനുജ തിരികെ അധ്യാപകരെ വിളിച്ചു സുരക്ഷിതയാണെന്നും പറഞ്ഞു.
സഹഅധ്യാപകർ അനുജയുടെ ബന്ധുക്കളെ വിളിച്ച് അനുജൻ വിഷ്ണു കൂട്ടിക്കൊണ്ടു പോയതായി അറിയിച്ചു. എന്നാൽ, അങ്ങനെ ഒരു അനുജൻ ഇല്ലെന്നാണു ബന്ധുക്കൾ പറഞ്ഞത്. സംശയം തോന്നി അധ്യാപകർ പരാതി നൽകാൻ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തി. ഈ സമയത്താണു പട്ടാഴിമുക്കിൽ അപകടം നടന്നിട്ടുണ്ടെന്നും 2 പേർ മരിച്ചതായുമുള്ള വിവരം സ്റ്റേഷനിൽ ലഭിച്ചത്. പെട്ടെന്ന് അധ്യാപകർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണു മരിച്ചതിൽ ഒരാൾ അനുജയാണെന്നു തിരിച്ചറിഞ്ഞത്. പിന്നീട് ബന്ധുക്കൾ എത്തിയാണു ഹാഷിമിനെ തിരിച്ചറിഞ്ഞത്.
വാതിൽ തുറന്നു, 3 തവണ
മങ്ങാട് ആലേപ്പടിയിൽ വച്ചു കാറിന്റെ ഇടതുവശത്തെ വാതിൽ 3 തവണ തുറന്നെന്നും ഒരു കാൽ വെളിയിലേക്കു കണ്ടതായും ഏനാദിമംഗലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരൂർ ശങ്കർ വെളിപ്പെടുത്തി. ശങ്കർ അടൂരിൽനിന്നു രാത്രിയിൽ മാരൂരിലേക്കു പോകുമ്പോഴാണ് ഇതു കണ്ടത്. രക്ഷപ്പെടുന്നതിനു വേണ്ടിയാകാം വാതിൽ തുറന്നതെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫോൺ കോളും ചാറ്റുകളും പരിശോധിച്ച് പൊലീസ്
അടൂർ∙ കെപി റോഡിൽ, ഏഴംകുളം പട്ടാഴിമുക്കിൽ അപകടത്തിൽപെട്ട കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ സീറ്റിന്റെ ഭാഗത്തു കുടുങ്ങിക്കിടന്ന ഹാഷിമിനെ നാട്ടുകാർ വളരെ പണിപ്പെട്ടാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകുമ്പോഴേക്കും മരിച്ചു.
ഇടിയിൽ മുൻ സീറ്റിൽനിന്ന് പിൻസീറ്റിലേക്കു വീണുകിടന്ന അനുജയെ പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇരുവരും വിവാഹിതരാണ്. മക്കളുമുണ്ട്. വാഹനത്തിന്റെ കച്ചവടവുമായി ബന്ധപ്പെട്ട് ഹാഷിം 2 തവണ അനുജയുടെ വീട്ടിൽ പോയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനു മുൻപും ഇരുവരും തമ്മിൽ പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു.
ഫോൺ കോളുകളും വാട്സാപ് ചാറ്റുകളും ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. മോട്ടർ വാഹന വകുപ്പും സയന്റിഫിക് വിദഗ്ധരും അപകടത്തിൽപെട്ട കാർ പരിശോധിച്ചു. കാർ അമിതവേഗത്തിൽ ലോറിയിലേക്കു വന്നിടിച്ചതായിട്ടാണു മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഹാഷിം അനുജയെ കുളക്കടയിൽനിന്ന് കയറ്റി പത്തനാപുരം വഴി പട്ടാഴിമുക്കിൽ എത്തിയ റോഡിലെ സിസിടിവിയും പൊലീസ് പരിശോധിക്കും. അടൂർ ഇൻസ്പെക്ടർ ആർ.രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹാഷിം അടൂർ–കായംകുളം റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ്.
നേരത്തെ ചാരുംമൂട്–പന്തളം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. ആ സമയത്ത് അനുജ ഹാഷിമിനെ പരിചയപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ, ഇവർ തമ്മിലുള്ള അടുപ്പം വീട്ടുകാർക്കോ സഹഅധ്യാപകർക്കോ അറിയില്ല. വിനോദയാത്രയ്ക്കിടയിൽ പോലും അത്തരം സൂചന ലഭിച്ചില്ലെന്നാണ് സഹഅധ്യാപകർ പറയുന്നത്.