ADVERTISEMENT

അടൂർ∙ ഏഴംകുളം പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച അധ്യാപികയും സുഹൃത്തും തമ്മിൽ ഒരു വർഷത്തോളമായി പരിചയമെന്നു വിവരം. മരിച്ച അനുജ രവീന്ദ്രന്റെയും(37), സ്വകാര്യ ബസ് ഡ്രൈവർ ഹാഷിമിന്റെയും(31) ഫോൺ പരിശോധിച്ച ശേഷമാണു പൊലീസിന്റെ കണ്ടെത്തൽ. കാറിൽനിന്നു ലഭിച്ച ഹാഷിമിന്റെ ‌2 ഫോണുകളും അനുജയുടെ ഒരു ഫോണും പൊലീസ് സൈബർ സെൽ വഴിയാണു പരിശോധിച്ചത്. ഇരുവരും ഫോണിൽ ചാറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തി. 

അപകടമുണ്ടാക്കിയ കാറും ലോറിയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. മനഃപൂർവം കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതായാണു സൂചന. ഇതേ സംശയത്തിലാണു പൊലീസും. കാർ അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ ലോറിയിലേക്കു വന്നിടിക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തി. അടൂർ–കായംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായ ഹാഷിം വ്യാഴാഴ്ച സന്ധ്യയ്ക്ക് അടൂരിൽ ഉണ്ടായിരുന്നു. ഫോണിൽ ഇരുവരും ബന്ധപ്പെടാറുണ്ടെന്നും അങ്ങനെയാണ് അനുജ വിനോദയാത്ര പോയതറിഞ്ഞതെന്നുമാണു പൊലീസിന്റെ നിഗമനം. 

തിരിച്ചു വരുന്ന സമയം വരെ കൃത്യമായി ലഭിച്ചു. പിന്നീടാണു കുളക്കടയ്ക്കു പോയത്. വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട് 2 തവണ അനുജയുടെ വീട്ടിൽ ഹാഷിം എത്തിയിരുന്നതായും വിവരം ലഭിച്ചു. മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ആർടിഒ ട്രാൻസ്പോർട്ട് കമ്മിഷണർക്കു കൈമാറി. അടൂർ ജോയിന്റ് ആർടി ഓഫിസിലെ എംവിഐ അശോക്, എഎംവിഐ വി.ആർ.നിഥിൻ, എൻഫോഴ്സ്മെന്റ് എഎംവിഐമാരായ സജിംഷാ, രഞ്ജു, വിനീത് എന്നിവരുടെ നേതൃത്വത്തിലാണു പൊലീസ് സ്റ്റേഷനിൽ എത്തി കാറും ലോറിയും പരിശോധിച്ചത്. അപകട സ്ഥലവും പരിശോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com