‘അപമര്യാദയായി പെരുമാറി’: കണ്ടക്ടർക്കെതിരെ മന്ത്രിക്കു നടിയുടെ പരാതി
Mail This Article
റാന്നി ∙ അപമര്യാദയായി പെരുമാറിയെന്ന സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറുടെ പേരിൽ നടപടി ആവശ്യപ്പെട്ട് നടി മന്ത്രി കെ.ബി.ഗണേഷ്കുമാറിനും കെഎസ്ആർടിസി എംഡിക്കും പരാതി നൽകി. റാന്നി ചെല്ലക്കാട് വള്ളിക്കാലായിൽ ദിവ്യ മാത്യുവാണ് പരാതി നൽകിയത്.
കഴിഞ്ഞ മാസം 26ന് തിരുവനന്തപുരം–കൽപറ്റ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലെ കണ്ടക്ടർക്കെതിരെയാണു പരാതി. 26നു വൈകിട്ട് 5.45ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട കൽപറ്റ ബസിലെ യാത്രക്കാരിയായിരുന്നു ദിവ്യ. ചെല്ലക്കാടിന് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അവിടെ സ്റ്റോപ്പില്ലെന്നു പറഞ്ഞു.
അടുത്ത സ്റ്റോപ്പിലെ ടിക്കറ്റ് തന്നിട്ട് ഇറക്കിയാൽ മതിയെന്ന് നിർദേശിച്ചപ്പോൾ പറ്റില്ലെന്ന മറുപടിയാണു ലഭിച്ചതെന്ന് ദിവ്യ പറഞ്ഞു. മോശമായി സംസാരിക്കുകയും പരിഹസിക്കുകയും ചെയ്തെന്നാണ് പരാതി. സ്ത്രീയെന്ന മാനുഷിക പരിഗണന പോലും നൽകാതെ രാത്രി 9.30ന് അടുത്ത സ്റ്റോപ്പിൽ ഇറക്കിവിട്ടെന്നാണു പരാതി.