നെല്ലും ജലവും നൽകും വയലുകൾ ഓർമയായി
Mail This Article
റാന്നി ∙ നെൽപ്പാടങ്ങൾ താലൂക്കിൽ നിന്ന് അന്യമാകുകയാണ്. പെരുനാട് പഞ്ചായത്തിൽ അടുത്തിടെ വനിത കർഷക തുടക്കമിട്ട കൃഷി ഒഴിച്ചു നിർത്തിയാൽ താലൂക്കിലെ വയലേലകളിലൊന്നും നെല്ല് കൃഷിയില്ല. വെറുതെ കിടക്കുകയാണ് ഭൂരിപക്ഷം പാടങ്ങളും. നെൽവയലുകൾ ജലസംരക്ഷണത്തിനു സഹായിക്കും എന്ന നേട്ടവുമുണ്ട്.റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, ചെറുകോൽ, അയിരൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് താലൂക്ക്. 1995–96ലെ താലൂക്ക് സ്റ്റാസ്റ്റിക്കൽ ഓഫിസിലെ കണക്കു പ്രകാരം 257.80 ഏക്കർ പാടത്ത് താലൂക്കിൽ നെല്ല് കൃഷി ചെയ്തിരുന്നു. റാന്നി പഞ്ചായത്തിൽ 50.45 ഏക്കറിലും പഴവങ്ങാടിയിൽ 19.16 ഏക്കറിലും അങ്ങാടിയിൽ 67.33 ഏക്കറിലും വെച്ചൂച്ചിറയിൽ 5.70 ഏക്കറിലും വടശേരിക്കരയിൽ 4.50 ഏക്കറിലും അയിരൂരിൽ 78.79 ഏക്കറിലും ചെറുകോലിൽ 23.32 ഏക്കറിലുമാണ് നെല്ല് കൃഷി ഉണ്ടായിരുന്നത്.
പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിൽ ഏലായില്ലാത്തതിനാൽ കൃഷിയുണ്ടായിരുന്നില്ല. 2001–02 വർഷമെത്തിയപ്പോൾ റാന്നി പഞ്ചായത്തിൽ 15.33 ഏക്കറായും പഴവങ്ങാടിയിൽ 2.20 ഏക്കറായും അങ്ങാടിയിൽ 8.04 ഏക്കറായും അയിരൂരിൽ 13.34 ഏക്കറായും ചെറുകോലിൽ 12.93 ഏക്കറായും നെല്ല് കൃഷി കുറഞ്ഞിരുന്നു. ആകെ 55.34 ഏക്കറിലാണ് കൃഷിയുണ്ടായിരുന്നത്. 2005–06 വർഷത്തിലിത് 11.04 ഏക്കറായി വീണ്ടും കുറഞ്ഞിരുന്നു. അയിരൂരിൽ 8.52 ഏക്കറിലും ചെറുകോലിൽ 2.52 ഏക്കറിലും മാത്രമാണ് കൃഷിയുണ്ടായിരുന്നത്. എന്നാൽ ഇന്ന് താലൂക്കിലെ പഞ്ചായത്തുകളിലൊന്നും നെല്ല് കൃഷിയില്ല. അയിരൂർ വാളംപടിയിൽ കൃഷിയിറക്കുന്നതിന് ചിലർ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്.
റാന്നി പഞ്ചായത്തിലെ കാളപ്പാലം ഏലായിൽ ഇതിനിടെ 2 തവണ കൃഷിയിറക്കിയെങ്കിലും തുടർച്ചയുണ്ടായില്ല. അങ്ങാടി പൂവന്മല ഏലായിലും ഇതേ സ്ഥിതി നേരിട്ടിരുന്നു. പരമ്പരാഗത തൊഴിലാളികളെ കിട്ടാത്തതും വളം, കീടനാശിനി എന്നിവയുടെ വില വർധനവുമാണ് നെല്ല് കൃഷിയിൽ നിന്ന് കർഷകർ പിന്തിരിയാൻ കാരണം. വിത്തും വളവും സബ്സിഡിയും നൽകി കൃഷി പരിപോഷിപ്പിക്കാൻ കൃഷി വകുപ്പ് പദ്ധതി ആവിഷ്കരിച്ചെങ്കിലും ഇതിനോടു കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല.മുൻപ് നെല്ല് കൃഷി നടത്തിയിരുന്ന ഏതാനും ഏലാകളിൽ തെങ്ങ്, കമുക്, വാഴ, വെറ്റില, പച്ചക്കറി എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ഏലാകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണു കർഷകർ. റാന്നി, ചെറുകോൽ, അയിരൂർ എന്നീ പഞ്ചായത്തുകളിലടക്കം തരിശായി കിടക്കുന്ന ഏലാകളാണു കൂടുതലും.