മുണ്ടോർമൂഴി– മണ്ണീറ റോഡ്: അറ്റകുറ്റപ്പണിക്ക് നടപടികളില്ല; ആയിരം മീറ്റർ റോഡിൽ ഓരോ ഇഞ്ചും കുഴി
Mail This Article
മണ്ണീറ ∙ റോഡ് കുഴികളായി മാറിയിട്ടും അറ്റകുറ്റപ്പണികളില്ല. വനത്തിലൂടെയുള്ള മുണ്ടോംമൂഴി – മണ്ണീറ റോഡാണു തകർച്ചയിലായത്. തണ്ണിത്തോട് പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശമായ മണ്ണീറയിൽ നിന്നു പുറംലോകത്തേക്കുള്ള ഏക മാർഗമാണിത്. മണ്ണീറ വെള്ളച്ചാട്ടത്തിലേക്കും വനംവകുപ്പിന്റെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കും സഞ്ചാരികൾക്ക് എത്താനുള്ള പാതയുമാണ്. മുണ്ടോംമൂഴിയിൽ നിന്നു മണ്ണീറ ഫോറസ്റ്റ് സ്റ്റേഷനു സമീപം വരെയുള്ള ഒരു കിലോമീറ്റർ റോഡാണു ടാറിങ് ഇളകി കുഴികളായത്. റോഡിന്റെ തിട്ടയും മിക്കയിടത്തും ഇടിഞ്ഞിരിക്കുകയാണ്. നാശാവസ്ഥയിലായ ചപ്പാത്തുകളും അപകടഭീഷണി ഉയർത്തുന്നുണ്ട്. ഈ റോഡിൽ ഒരു വർഷം മുൻപ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും വൈകാതെ ടാറിങ് ഇളകിത്തുടങ്ങിയിരുന്നു. പിന്നീടു പരാതി തീർക്കാനായി കുഴികളടച്ചെങ്കിലും ഫലപ്രദമായില്ല.
ഈറ്റ ചപ്പാത്തിനു സമീപത്തായി രണ്ടിടങ്ങളിലും കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കുള്ള പാതയുടെ സമീപത്തുമായി റോഡ് തിട്ടയിടിഞ്ഞ് അപകടഭീഷണിയിലായിട്ട് കാലങ്ങളായെങ്കിലും ഇവിടങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കാനായിട്ടില്ല. മുണ്ടോംമൂഴിയിൽ റോഡിന്റെ തുടക്ക ഭാഗത്തു റോഡിനു വീതി കുറവാണ്. ഇവിടെ റോഡിന് ഒരു വശം ഉയർന്ന തിട്ടയും മറുവശം കല്ലാറുമാണ്. എതിരെ വരുന്ന വാഹനങ്ങൾക്കു സൈഡ് കൊടുക്കുമ്പോൾ അപകടസാധ്യതയേറെയാണ്. അവധിക്കാലത്തു കുട്ടവഞ്ചി സവാരികേന്ദ്രത്തിലേക്കടക്കം തിരക്കേറുന്ന സമയമാണ്. അപകടങ്ങൾ ഒഴിവാക്കാൻ, അറ്റകുറ്റപ്പണി നടത്തിയും ചപ്പാത്തുകൾ കോൺക്രീറ്റ് ചെയ്തും സംരക്ഷണഭിത്തി നിർമിച്ചും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.