ADVERTISEMENT

കണമല ∙ കാട്ടാന ആക്രമണത്തിൽ വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജു (52) കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയിൽ വ്യാപക ജനരോഷം. കണമല ഫോറസ്റ്റ് സ്റ്റേഷൻ പരിസരം സ്തംഭിച്ചത് 3 മണിക്കൂർ. ബിജുവിന്റെ കുടുംബത്തിനുള്ള സഹായ നടപടികൾ വേഗത്തിലാക്കണം, വന്യമൃഗങ്ങളിൽനിന്നു ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജനകീയ സമിതി കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ചിൽ പമ്പാവാലി– ഏയ്ഞ്ചൽവാലി നിവാസികളായ സ്ത്രീകളടക്കമുള്ള നൂറുകണക്കിനു പേർ പങ്കെടുത്തു.റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ ബിജുവിന്റെ വീടു സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് ആന്റോ ആന്റണി എംപി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ്, എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബി സണ്ണി, ഡിസിസി ജനറൽ സെക്രട്ടറി സതീഷ് പണിക്കർ, ഡിസിസി വൈസ് പ്രസിഡന്റ് ടി.കെ.സാജു എന്നിവർ കണമല ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ 10 മണിയോടെ കുത്തിയിരിപ്പു സമരം തുടങ്ങി.

വട്ടപ്പാറ ജംക്‌ഷനിൽനിന്നു ജനകീയ സമിതി ആരംഭിച്ച മാർച്ച് 11 മണിയോടെ കണമല ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. ഇതിനിടെ എംപിയും പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. എംപി ഒഴികെ ആരെയും ഫോറസ്റ്റ് സ്റ്റേഷനിൽ പ്രവേശിപ്പിക്കില്ലെന്നു പൊലീസ് നിലപാടെടുത്തതോടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി. എംപിയെ പൊലീസ് പിടിച്ചു തള്ളിയതായും ആരോപണമുണ്ടായി. ഡിഎഫ്ഒയെ കാണാതെ പിരിഞ്ഞു പോകില്ലെന്നു നിലപാടെടുത്ത പരിസരവാസികൾ എംപിക്കൊപ്പം റോഡിൽ കുത്തിയിരുന്നതോടെ കണമല– പമ്പ റൂട്ടിൽ ഗതാഗതം 2 മണിക്കൂറോളം സ്തംഭിച്ചു. 

അൽപ സമയത്തിനകം പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിയും സ്ഥലത്തെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ കണമല ഫോറസ്റ്റ് സ്റ്റേഷനിൽ കലക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി. അജിത്, ഡിഎഫ്ഒ എന്നിവരുമായി എംപിയും ജനപ്രതിനിധികളും ചർച്ച തുടങ്ങിയപ്പോഴും പരിസരവാസികൾ മുദ്രാവാക്യം വിളിയോടെ ഫോറസ്റ്റ് സ്റ്റേഷനു പുറത്തുതന്നെ കൂട്ടമായി നിന്നു. ഒടുവിൽ 2.15 ഓടെ ചർച്ച പൂർത്തിയാക്കി പുറത്തിറങ്ങിയ നേതാക്കൾ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി വിശദീകരിച്ചതോടെയാണു ജനക്കൂട്ടം പിരിഞ്ഞുപോയത്. ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, വാർഡ് അംഗം സിബി അഴകത്ത്,ഫാ.എബിൻ തോമസ്,ബിജു പുള്ളോലിൽ, രാജൻ വാഴയിൽ, ജിജി മോൾ, സന്തോഷ് മടുക്കോലിൽ, പി.ജെ.സെബാസ്റ്റ്യൻ, ഫാ.സെബിൻ ഉള്ളാട്ട്, അനോജ് കുമാർ, റവ.എബിൻ തോമസ്, ശ്യാം മോഹൻ, ജേക്കബ് വളയംപള്ളിൽ, അരുൺ അനിരുദ്ധൻ, പ്രകാശ് പുളിക്കൽ, ബിനു മറ്റയ്ക്കര,സാംജി ഇടമുറി, ഡോ. ജെ. പ്രമീള ദേവി തുടങ്ങിയവർ നേതൃത്വം നൽകി.

ചർച്ചയ്ക്കൊടുവിൽ കണമല  ഡപ്യൂട്ടി റേഞ്ച് ഓഫിസർക്ക് നിർബന്ധിത അവധി
കണമല ∙ സർക്കാർ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി കണമല ഫോറസ്റ്റ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ വനംവകുപ്പ് അധികൃതരോടു പൊട്ടിത്തെറിച്ച് ജനപ്രതിനിധികൾ. പരിസരവാസികളിൽ ചിലരും ജനപ്രതിനിധികൾക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. മേഖലയിൽ കഴിഞ്ഞ വർഷം കാട്ടുപോത്തിന്റെ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടിരുന്നു. കാട്ടുപോത്തിനെ വെടിവയ്ക്കാൻ കോട്ടയം കലക്ടർ ഉത്തരവിട്ടിട്ടും 2 പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ തിരിച്ചറിയാനാകില്ലെന്ന വാദം നിരത്തി വനം വകുപ്പ് അധികൃതർ ഉത്തരവു നടപ്പാക്കിയില്ലെന്നു ചിലർ ആരോപിച്ചു. രാത്രി 8 മണിയോടെ ഒറ്റയാൻ ഇറങ്ങിയ വിവരം ആളുകൾ വിളിച്ചു പറഞ്ഞിട്ടും വനം വകുപ്പ് അധികൃതർ കാട്ടിയ നിസംഗതയാണു ബിജുവിന്റെ ജീവൻ നഷ്ടമാകുന്നതിൽ കലാശിച്ചതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

കണമല ഡപ്യൂട്ടി റേഞ്ച് ഓഫിസറെ അടിയന്തരമായി സ്ഥലം മാറ്റണമെന്നു പരിസരവാസികൾ പറഞ്ഞപ്പോൾ അധികൃതർ തിരഞ്ഞെടുപ്പു ചട്ടം ചൂണ്ടിക്കാട്ടിയതോടെ തർക്കമായി. തുടർന്നാണ് ഉദ്യോഗസ്ഥനോടു നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടാനുള്ള നിർദേശം വന്നത്. അല്ലാത്ത പക്ഷം സ്റ്റേഷനിലെ ഒരാളെപ്പോലും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നു പറഞ്ഞതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ആന്റോ ആന്റണി എംപി, അനിൽ കെ. ആന്റണി, കേരള കർഷക അതിജീവന സംയുക്ത സമിതി ചെയർമാൻ ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കേരള കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ജേക്കബ് വളയംപള്ളി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് തുടങ്ങിയവർ ചർച്ചയ്ക്കു നേതൃത്വം നൽകി.

തുലാപ്പള്ളി പിആർസി മലയിൽ ബിജുവിനെ കാട്ടാന അടിച്ച് കൊന്ന സ്ഥലത്തിനു സമീപം ആനയുടെ കാൽപാട് പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.  ആന കുത്തി മറിച്ചിട്ട തെങ്ങും കാണാം /ചിത്രം: മനോരമ
തുലാപ്പള്ളി പിആർസി മലയിൽ ബിജുവിനെ കാട്ടാന അടിച്ച് കൊന്ന സ്ഥലത്തിനു സമീപം ആനയുടെ കാൽപാട് പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ആന കുത്തി മറിച്ചിട്ട തെങ്ങും കാണാം /ചിത്രം: മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com