മതിലും ആൾമറയും വണ്ടിയിടിച്ചു തകർന്നു; പഞ്ചായത്ത് കിണർ വാഹനങ്ങൾക്കു ഭീഷണി
Mail This Article
കൈപ്പട്ടൂർ ∙ വാഹനയാത്രക്കാർക്കു അപകട ഭീഷണി ഉയർത്തി ആൾമറയില്ലാത്ത പഞ്ചായത്ത് കിണർ. പത്തനംതിട്ട–അടൂർ റോഡിൽ കൈപ്പട്ടൂർ കടവ് ജംക്‌ഷനു സമീപമാണ് ചുറ്റു മതിൽ തകർന്ന കിണറുള്ളത്. ആൾമറ തകർന്നു കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങളടക്കം കിണറ്റിൽ വീഴാൻ സാധ്യതയുണ്ട്. മാസങ്ങൾക്ക് മുൻപ് ഇവിടെ 2 കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതിൽ ഒരു ബസ് ഇടിച്ചു കയറിയാണ് കിണറിന്റെ ആൾമറ തകർന്നത്. സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർത്താണ് ബസ് നിന്നത്. അന്നു മുതൽ കിണർ അപകടഭീഷണി ഉയർത്തി നിൽക്കുകയാണ്. രാത്രി ഈ ഭാഗത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ കിണറുണ്ടെന്നു പെട്ടെന്ന് മനസ്സിലാക്കാനും കഴിയില്ല.
കുടിവെള്ള ക്ഷാമം നേരിടാൻ പ്രദേശവാസികൾ ഉപയോഗിക്കുന്ന കിണർ സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്. അടിയന്തരമായി ആൾമറ കെട്ടുകയോ അപായ സൂചന ബോർഡുകൾ സ്ഥാപിക്കുകയോ വേണമെന്നു പ്രദേശവാസികൾ പറഞ്ഞു. 1978 കാലഘട്ടത്തിൽ വള്ളിക്കോട് പഞ്ചായത്തിൽ വാഴമുട്ടം, വള്ളിക്കോട്, നരിയാപുരം തുടങ്ങി വിവിധ ഭാഗങ്ങളിൽ കിണറുകൾ നിർമിച്ചിരുന്നു. അക്കൂട്ടത്തിലാണ് ഇവിടെയും കിണർ നിർമിച്ചത്. കാലങ്ങളോളം പ്രദേശവാസികളുടെ ശുദ്ധജല സ്രോതസ്സ് ഇതായിരുന്നു.
കാൽനടയാത്രക്കാരുടെ ദാഹമകറ്റാനുള്ള മാർഗവും ഈ കിണറായിരുന്നു. പിന്നീട് മിക്ക വീടുകളിലും കിണർ നിർമിച്ചതും പൈപ്പ് കണക്‌ഷനുകൾ ലഭിച്ചതും കാരണം ഈ പഞ്ചായത്ത് കിണർ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു, അതിനിടെയാണ് വാഹനം പാഞ്ഞു കയറി ആൾമറ നശിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ കിണറിന്റെ അറ്റകുറ്റപ്പണി നടത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ പറഞ്ഞു. എന്നാൽ അതിനു മുൻപ് എന്തെങ്കിലും അപകടമുണ്ടായി ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടാൽ ആര് സമാധാനം പറയുമെന്നു പ്രദേശവാസികൾ ചോദിക്കുന്നു.