ADVERTISEMENT

വെച്ചൂച്ചിറ ∙ പമ്പാ തീരത്ത് അന്യമാകുന്ന പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് ജോണി. പയറും വെള്ളരിയും കൃഷി ചെയ്താണ് നൂറുമേനി വിളവു നേടുന്നത്. കുരുമ്പൻമൂഴി പൊനച്ചി തിരുതാളിൽ ജോണി മാത്യു നാട്ടിലെ അറിയപ്പെടുന്ന കർഷകനാണ്. വേനൽക്കാലമെത്തുമ്പോൾ അദ്ദേഹത്തിന്റെ കൃഷി പമ്പാ മണൽപ്പുറത്താണ്. ഇത്തവണ 120 മൂട് നാടൻ പയറാണ് നട്ടത്. മുൻ വർഷത്തേക്കാൾ മികച്ച വിളവാണ് ലഭിക്കുന്നതെന്ന് ജോണി പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ 100 കിലോയോളം പയർ ലഭിക്കുന്നുണ്ട്. മുക്കൂട്ടുതറ എത്തിച്ചാണ് വിൽക്കുന്നത്. പച്ചക്കറി കടകളിൽ നാടൻ പയറിനു നല്ല പ്രീയമാണ്. വേഗം വിറ്റു തീരും. എന്നാൽ കച്ചവടക്കാർക്ക് ഇതിനോടു താൽപര്യം കുറവാണ്. നാടൻ പയർ എന്നും കിട്ടാത്തതിനാൽ അവർ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പയറാണ് കൂടുതൽ വാങ്ങുന്നത്.

വിളവെടുപ്പിന്റെ ആരംഭത്തിൽ കിലോയ്ക്ക് 50 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. ഇപ്പോൾ 40 രൂപയായി കുറഞ്ഞു. കച്ചവടക്കാർ വിൽ‌ക്കുന്നത് 80 രൂപയ്ക്കും. മറ്റു വിപണികൾ കണ്ടെത്താനാകാത്തതിനാൽ വിറ്റു തീർക്കുകയാണ്. ഹൈറേഞ്ചിൽ നിന്നു കൊണ്ടുവന്ന പയറിന്റെ വിത്താണ് ഇത്തവണ ജോണി നട്ടത്. 2 മാസത്തോളം വിളവു ലഭിക്കുമെങ്കിലും വേഗം ഇതു കേടാകും. നവോദയ–അറുവച്ചാംകുഴി റോഡിനോടു ചേർന്നാണ് ജോണിയുടെ കൃഷിയിടം. റോഡിന്റെ ഉയരത്തിൽ കിടന്നിരുന്ന സ്ഥലമാണിത്. തെങ്ങും കൊക്കോയുമൊക്കെ ഇവിടെ നട്ടിരുന്നു. 

2018 പ്രളയത്തിൽ മണ്ണോടെ അവയെല്ലാം ഒഴുകിപ്പോയി. ഇതേ സ്ഥലത്തെ മണൽപ്പുറത്താണ് ഇപ്പോൾ കൃഷി. 50 മൂട് വെള്ളരിയും ജോണി നട്ടിട്ടുണ്ട്. മണൽപ്പുറത്ത് കുഴിയെടുത്ത ശേഷം ആറ്റിലെ എക്കൽ വാരിയിട്ടാണ് വെള്ളരി നട്ടത്. അവ പൂവിട്ടു തുടങ്ങി. ജോണിയുടെ കൃഷിയിടത്തോടു ചേർന്ന മണൽപ്പുറത്ത് തോണിക്കവയൽ മധുവും പാവൽ നട്ടിട്ടുണ്ട്. അതും വിളവെടുത്തു തുടങ്ങി. മുൻപ് വേനലെത്തുമ്പോൾ പമ്പാനദിയുടെ തീരങ്ങളിലെങ്ങും പച്ചക്കറി കൃഷി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പരിമിതമായയിടങ്ങളിൽ മാത്രമേ കൃഷിയുള്ളൂ. മഹാപ്രളയത്തിനു ശേഷം തീരങ്ങളിലെ മണ്ണിനു കാതലായ മാറ്റം വന്നിട്ടുണ്ട്. ഇതുമൂലം പച്ചക്കറികൾ വേഗം കേടാകുന്ന സ്ഥിതിയാണ്. ജൈവ കീടനാശിനി ഉപയോഗിച്ചാൽ രോഗം മാറുന്നുമില്ല. ഇതാണ് കൃഷിയിൽ നിന്ന് പലരും പിന്തിരിയാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com