ADVERTISEMENT

മാരാമൺ ∙ ശക്തമായ കാറ്റിലും മഴയിലും ചിറയിറമ്പ് പള്ളിയോടത്തിനും പള്ളിയോടപ്പുരയ്ക്കും കേടുപാടു പറ്റി. പള്ളിയോടപ്പുര ചരിഞ്ഞ് താഴെ വീഴാറായ നിലയിലാണ്. പുരയുടെ ഇരുമ്പുതൂൺ ചാഞ്ഞപ്പോൾ ഇടിച്ചു പള്ളിയോടത്തിന്റെ അമരത്തിനു സാരമായ കേടുപറ്റി. 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഖില കേരള ചാക്കമാർ മഹാസഭ ഒന്നാം നമ്പർ കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണു പള്ളിയോടം. വ്യാഴം വൈകിട്ടാണ് സംഭവം. പമ്പയാറിന്റെ തീരത്ത് മുളവൂർ കടവിലാണ് പള്ളിയോടം വച്ചിരിക്കുന്നത്. താഴ്ന്നു ചുറ്റിയടിച്ച കാറ്റിലാണ് പള്ളിയോടപ്പുര തകർന്നത്. അമരത്തിന്റെ ആടയിൽ പനയോലയുടെ താഴത്തെ ഭാഗം നെടുകെ പിളർന്നു. അമരചാർത്തിന്റെ തൊപ്പിത്തടി ഇളകി തെറിച്ചുവീണു. നെറ്റിപ്പട്ടവും ആഭരണവും ചാർത്തുന്ന ഭാഗമാണിത്.കഴിഞ്ഞ വർഷം 15 ലക്ഷം രൂപ മുടക്കി അമരവും പലകയും പുതുക്കിപ്പണിതതാണ്.

കാറ്റും മഴയും കഴിഞ്ഞപ്പോൾ പള്ളിയോടം ചരിഞ്ഞുവീണ നിലയിലായിരുന്നു. പള്ളിയോടക്കരയിലെ അംഗങ്ങൾ എത്തി 3 മണിക്കൂറോളം പരിശ്രമിച്ചാണു പള്ളിയോടം നേരേ വച്ചത്. നാൽപത്തിയാറേകാൽ കോൽ നീളവും 18 അടി അമരപ്പൊക്കവുമുള്ള പള്ളിയോടം കഴിഞ്ഞ വർഷം വള്ളസദ്യകളിൽ പങ്കെടുത്തശേഷം ഒക്ടോബർ 15ന് ആണു പള്ളിയോടപ്പുരയിൽ കയറ്റിവച്ചത്. അടുത്തയാഴ്ച വീണ്ടും നെയ് ഇടുന്നതിനുള്ള ഒരുക്കത്തിലായിരുന്നുവെന്നു പള്ളിയോട പ്രതിനിധികളായ എം.കെ.ബാലൻ, പി.ജി.ശശി എന്നിവർ പറഞ്ഞു.

മാരാമണ്ണിൽ വൈദ്യുതിലൈനിലേക്കു വീണുകിടക്കുന്ന മരശിഖരം.
മാരാമണ്ണിൽ വൈദ്യുതിലൈനിലേക്കു വീണുകിടക്കുന്ന മരശിഖരം.

പോസ്റ്റുകൾ തകർന്നു; പലയിടത്തും വൈദ്യുതിത്തകരാർ
കോഴഞ്ചേരി ∙ വ്യാഴം വൈകിട്ടോടെ അടിച്ച കാറ്റിൽ വ്യാപക നഷ്ടം. മാരാമൺ ചെട്ടിമുക്ക്, മുളവൂർ, കിടങ്ങന്നൂർ ഭഗവതിപടി, കോഴിമല, കോങ്കുളഞ്ഞി, കുന്നത്തുകര, പൂക്കോട്, കിളിയാനിക്കൽ എന്നീ സ്ഥലങ്ങളിലാണ് മരം വീണ് വൈദ്യുതി നിലച്ചത്. ആറന്മുള സെക്‌ഷൻ പരിധിയിലെ ഭഗവതിപടി, കോങ്കുളഞ്ഞി, കോഴിമല എന്നിവിടങ്ങളിൽ 5 വൈദ്യുതി തൂണുകൾ ഒടിഞ്ഞു. 8 സ്ഥലത്ത് വൈദ്യുതിലൈൻ പൊട്ടി.മാരാമൺ ചെട്ടിമുക്കിൽ മുളവൂർ‌ ഭാഗത്ത് മരം വീണ് തൂൺ ഒടിഞ്ഞു. 4 തൂണുകൾ ചെരിഞ്ഞ നിലയിലാണ്. പല ഭാഗത്തും മരശിഖരങ്ങൾ വീണ് വൈദ്യുതി ലൈനിൽ കിടക്കുകയാണ്. രാത്രി പത്തരയോടെ ഫീഡർ മാറ്റി നൽകി കുറെ ഭാഗത്ത് വൈദ്യുതി എത്തിച്ചു.   കഴിഞ്ഞ ദിവസത്തെ കാറ്റിൽ ഒടിഞ്ഞിരുന്ന മരശിഖരം വീണ് ആറന്മുള വൈദ്യുതി ഓഫിസിനു പിന്നിലെ വൈദ്യുതിലൈൻ ഇന്നലെ ഉച്ചയ്ക്ക് പൊട്ടിവീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com