ADVERTISEMENT

പന്തളം ∙ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ പന്തളം ജംക്‌ഷനിൽ നടപ്പാതകളിൽ സ്ഥാപിച്ച പൂച്ചട്ടികൾ നീക്കം ചെയ്യണമെന്ന് കെഎസ്ടിപി. കൊട്ടാരക്കര എക്സിക്യൂട്ടീവ് എൻജിനീയറാണ്, വ്യാഴാഴ്ച നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. എന്നാൽ, എംസി റോഡിനോട് ചേർന്നുള്ള പ്രദേശങ്ങൾ മാലിന്യമുക്തമാക്കി മനോഹരമാക്കണമെന്ന ഫെബ്രുവരിയിലെ സർക്കാർ നിർദേശമനുസരിച്ചാണ് പൂച്ചട്ടികൾ സ്ഥാപിച്ചതെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്നുമാവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

2023–2024 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 3.4 ലക്ഷം രൂപ ചെലവഴിച്ചാണ് മാർച്ച് ആദ്യം പന്തളത്ത് നടപ്പാതകളിൽ പൂച്ചട്ടികൾ സ്ഥാപിച്ചത്. മണികണ്ഠനാൽത്തറ മുതൽ എംഎം ജംക്‌ഷൻ വരെ 250 പൂച്ചട്ടികൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഈ വർഷത്തെ പദ്ധതിയിൽ 5 ലക്ഷം രൂപ കൂടി വകയിരുത്തുകയും ചെയ്തു. ഇതിനിടെയാണ് പൂച്ചട്ടികൾ അടിയന്തരമായി നീക്കണമെന്ന കെഎസ്ടിപിയുടെ കത്ത്. ഈ വിഷയത്തിൽ അനുമതിക്കായി ചീഫ് എൻജിനീയർക്ക് കത്ത് കൈമാറിയിട്ടുണ്ടെന്നും അനുമതി ലഭിക്കുന്നതിനു മുൻപ് സ്ഥാപിച്ചവ നീക്കണമെന്നുമാണ് കെഎസ്ടിപി നൽകിയ കത്തിൽ പറയുന്നത്. 

അതേസമയം, അനുമതിക്കായി കെഎസ്ടിപി അധികൃതർക്ക് കത്ത് അയച്ചിരുന്നെന്ന് നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് പറഞ്ഞു. മറുപടി ലഭിക്കാത്തതിനാൽ താനുൾപ്പെടെ കൊട്ടാരക്കര ഓഫിസിലെത്തി നേരിട്ട് കത്ത് നൽകി. എക്സിക്യൂട്ടീവ് എൻജിനീയറെ ഫോണിൽ വിളിച്ചപ്പോൾ രേഖാമൂലം മറുപടിയുടെ ആവശ്യമില്ലെന്നറിയിച്ചു. ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിയായതിനാൽ രാഷ്ട്രീയമായ ഇരട്ടത്താപ്പാണ് ഇതിന് പിന്നിലെന്നും നീതിപൂർവമായ നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ അവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com