ADVERTISEMENT

തുലാപ്പള്ളി ∙ വട്ടപ്പാറ മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം ഇനിയും ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും ആന പതിവായി എത്തുന്നുണ്ട്. ആനയെ തുരത്താൻ വനപാലകർ രംഗത്തുണ്ടെങ്കിലും സ്ഥലവാസികൾ ഇപ്പോഴും ആശങ്കയുടെ നിഴലിലാണ്. കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിനെ കാട്ടാന ആക്രമണത്തിൽ സ്ഥലവാസിയായ ഓട്ടോ ഡ്രൈവർ ബിജു മാത്യു കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷവും കാട്ടാനകൾ സമീപ വനത്തിൽ നിന്നും ഇറങ്ങി ജനവാസ മേഖലകളിലേക്കു എത്തുന്നുണ്ട്.

വനത്തിനോടു ചേർന്ന പിആർസി മലയിൽ കഴിയുന്ന കുടുംബങ്ങളാണ് പകലും ഏറെ ഭയത്തോടെ ഇതു വഴി സഞ്ചരിക്കുന്നത്. പലരും ഒറ്റയ്ക്കു പോകാൻ കൂടി തയാറല്ല. വനവും ആളുകൾ താമസിക്കുന്ന വീടുകളും തമ്മിൽ കഷ്ടിച്ചു 300 മീറ്റർ മാത്രമാണ് ദൂരം. കണമല സ്റ്റേഷനിൽ നിന്നും വനപാലകരും റാന്നിയിൽ നിന്നും എത്തിയ ദ്രുത കർമ സേനയും രാത്രി റോന്ത് ചുറ്റാൻ രംഗത്തുണ്ട്. രാത്രി ഏറെ വൈകി വരേയും ഉദ്യോഗസ്ഥ സംഘം പിആർസി മലയിൽ കാവലുണ്ട്.

ആവശ്യമെങ്കിൽ ആക്രമണകാരികളായ മൃഗങ്ങൾക്കു നേർക്കു വെടി ഉതിർത്താനുള്ള തയാറെടുപ്പുകളോടെയാണ് കാവൽ നിൽക്കുന്നത്.വന്യമൃഗങ്ങളുടെ സാന്നിധ്യം അറിഞ്ഞാലുടൻ ബന്ധപ്പെടാൻ പ്രത്യേക വാട്ട് സാപ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. വനത്തിനു സമീപം എന്തെങ്കിലും അസ്വാഭാവിക ചലനങ്ങൾ വല്ലതും ശ്രദ്ധയിൽപെട്ടാലുടൻ തന്നെ തങ്ങളെ അറിയിക്കുന്നുണ്ടെന്നും വനപാലകർ പറയുന്നു. ആക്രമണം നടന്ന സ്ഥലത്തിനു സമീപമാണ് പിആർസി മലയടിവാരത്തിലെ കുളം.

വെള്ളം കുടിക്കാൻ മൃഗങ്ങൾ ഇവിടെ പതിവായി എത്തുന്നുണ്ട്. വേനൽ കാരണം ഈ കുളത്തിനു സമീപം എത്തിയാണ് സമീപവാസികൾ കുളിക്കുന്നതും വെള്ളം ശേഖരിക്കുന്നതും. ആനയുടെ ആക്രമണത്തിനു ശേഷം ആളുകൾക്ക് ഒറ്റയ്ക്ക് ഈ പ്രദേശത്തേക്കു പോകാൻ കൂടി ഭയമാണ്.കഴിഞ്ഞ നാലു ദിവസമായി ഈ പ്രദേശങ്ങളിൽ കാട്ടാനയുടെ സാന്നിധ്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com