ADVERTISEMENT

ചൂരക്കോട് ∙ ലൈഫ് മിഷൻ പദ്ധതിയിൽ നിർമാണം തുടങ്ങിയ വീടിന് വഴിത്തർക്കത്തെ തുടർന്ന് പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ. വിധവയായ പൊന്നമ്മ 3 വർഷമായി ചോർന്നൊലിക്കുന്ന ടാർപോളിൻ ഷീറ്റിനു കീഴിൽ ജീവിതം തള്ളി നീക്കുകയാണ്.ഏറത്ത് പഞ്ചായത്ത് ചൂരക്കോട് ബദാംമുക്ക് നാരകത്തുംവിളയിൽ പൊന്നമ്മയ്ക്ക് 2021 ൽ ആണ് ലൈഫ് പദ്ധതിയിൽ വീടനുവദിച്ചത്.

ആദ്യ ഗഡുവായി ലഭിച്ച 40000 രൂപ ചെലവിട്ട് അടിത്തറ കെട്ടി. ഈ സമയം സമീപത്തെ വഴിയുമായി ബന്ധപ്പെട്ട് അയൽവാസി തർക്കം ഉന്നയിച്ചു. പുതിയതായി നിർമിക്കുന്ന വീടിന്റെ അടിത്തറയ്ക്കു സമീപത്തു കൂടിയാണ് വഴി. വഴിയുടെ ഭാഗം കയ്യടക്കിയാണ് വീടു നിർമാണമെന്നായിരുന്നു അയൽവാസിയുടെ പരാതി.

പരാതി പ്രകാരം നിർമാണം നിർത്തി വയ്ക്കാൻ പഞ്ചായത്ത് പൊന്നമ്മയ്ക്ക് അറിയിപ്പ് നൽകി. പരാതിയുള്ളതിനാൽ ബാക്കി ഗഡു അനുവദിക്കാതെ വന്നതോടെ നിർമാണം മുടങ്ങി. പുതിയ വീടു നിർമാണം തുടങ്ങിയതിനാൽ പഴയ വീടും പൊളിച്ചു നീക്കിയിരുന്നു. ഇപ്പോൾ വീടിനായി അടിത്തറ കെട്ടിയ ഭാഗത്ത് മരക്കമ്പുകളിൽ ടാർപ്പോളിൻ താങ്ങി നിർത്തി അതിന്റെ തണലിലാണ് പൊന്നമ്മയുടെ ജീവിതം.

മഴയിൽ ചോർന്നൊലിക്കുന്നതിനാൽ ജീവിതം ദുരിതത്തിലാണ്. പരാതിപ്രകാരം താലൂക്ക് സർവേ വിഭാഗം ഉദ്യോഗസ്ഥർ എത്തി വഴി അളന്നുവെന്നും ഒന്നര മീറ്റർ തള്ളിയാണ് അടിത്തറ നിൽക്കുന്നതെന്നും പൊന്നമ്മ പറഞ്ഞു. തർക്കം പരിഹരിച്ച് വീടു നിർമാണം പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ലെന്നാണ് വീട്ടമ്മയുടെ പരാതി.

പഞ്ചായത്ത് പട്ടികയിൽപെട്ട നാരകത്തുംവിള–തേക്കുവിളപ്പടി റോഡരികലാണ് വീടു നിർമാണത്തിന് തുടക്കമിട്ടത്. റോഡുമായി ബന്ധപ്പെട്ട് നേരത്തെ സ്വകാര്യ വ്യക്തി നൽകിയ കേസ് കോടതി പരിഗണനയിലാണ്. വീട് നിർമാണം തുടങ്ങിയ ശേഷം തർക്കവും പരാതികളും ഉയർന്നതിനെ തുടർന്നാണ് നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പൊന്നമ്മയ്ക്ക് നോട്ടിസ് നൽകിയത്. കേസ് സംബന്ധിച്ച് അന്തിമ തീരുമാനമാകാതെ പഞ്ചായത്തിന് നടപടി സ്വീകരിക്കാൻ കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com