ഇന്നലെ കൊച്ചെരപ്പ് ഗ്രാമം ഉണർന്നത് മരണത്തിന്റെ തണുത്ത മൗനത്തിലേക്ക്
Mail This Article
മല്ലപ്പള്ളി ∙ പാടിമൺ കൊച്ചെരപ്പ് പ്രദേശം ഇന്നലെ ഉണർന്നത് വയോധിക ദമ്പതികളുടെ ദാരുണമായ മരണവാർത്ത കേട്ട്. ചൗളിത്താനത്ത് സി.ടി. വർഗീസ് (78), ഭാര്യ അന്നമ്മ (ശാന്തമ്മ–74) എന്നിവർ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് വിവരം പുറത്തറിയുന്നത്. വീടിന്റെ ജനാല കത്തിയെരിയുന്നതു കണ്ട് സമീപവാസികളും നാട്ടുകാരും പരിശോധന നടത്തുകയായിരുന്നു.
കതകുകൾ ഉള്ളിൽനിന്ന് പൂട്ടിയിരുന്നതിനാൽ ആദ്യം അകത്തു കയറാൻ ആർക്കും കഴിഞ്ഞില്ല. പിന്നീട് കതക് ചവുട്ടി തുറന്നാണ് അകത്തേക്കു കയറിയത്. വീടിനുള്ളിൽ അപ്പോഴും ഫർണിച്ചർ കത്തുന്നുണ്ടായിരുന്നു. ഗാർഹിക ഉപകരണങ്ങളും തീയിൽ കത്തിനശിച്ചു. ബുധനാഴ്ച രാത്രി 12നുശേഷമാകും തീപിടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായതിനാൽ പെരുമ്പെട്ടി പൊലീസാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. കീഴ്‌വായ്പൂര് പൊലീസും എത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവമറിഞ്ഞ് പാടിമണ്ണിലെയും സമീപപ്രദേശങ്ങളിലെയും ഒട്ടേറെ ജനങ്ങൾ കൊച്ചെരപ്പ് ചൗളിത്താനത്ത് വീട്ടിലേക്കെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പനും സ്ഥലത്തെത്തി.
വീട്ടിൽ ഇരുവരും മാത്രം
ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീടിന്റെ മുന്നിലെ ജനാല കത്തിയെരിയുന്നത് സമീപത്തു താമസിക്കുന്ന സഹോദരൻ ജോർജാണ് കണ്ടത്. ഉടൻ വർഗീസിന്റെ മകളെ വിവരമറിയിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ കതകു ചവിട്ടിത്തുറന്ന് അകത്തു കയറിയെങ്കിലും വർഗീസും ശാന്തമ്മയും മരിച്ചിരുന്നു. വർഗീസ് ശുചിമുറിയിലും ശാന്തമ്മ അടുക്കളയിലുമാണ് മരിച്ചു കിടന്നത്.
ട്യൂബ് മുറിച്ച നിലയിൽ വീടിന്റെ സ്വീകരണമുറിയിൽ ഗ്യാസ് സിലിണ്ടർ പൊലീസ് കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ഫർണിച്ചറും കത്തിനശിച്ചു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദും കീഴ്‌വായ്പൂര്, പെരുമ്പെട്ടി സ്റ്റേഷനുകളിൽനിന്നു പൊലീസ് ഉദ്യോഗസ്ഥരും എത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മക്കൾ: ബിന്ദു (ഗുജറാത്ത്), ബിനീഷ് (ദുബായ്), ബിബിൻ. മരുമക്കൾ: ജോയ്സ്, ബിൽന, വിവേക്.