ADVERTISEMENT

പത്തനംതിട്ട∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പൂഞ്ഞാർ ബ്ലോക്ക് പര്യടന പരിപാടി കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വഴിക്കടവിൽനിന്ന് ആരംഭിച്ച പര്യടനം തീക്കോയി, വെയിൽകാണാംപാറ, തിടനാട് ടൗൺ, ചേന്നാട് അമ്പലംഭാഗം, നെല്ലിക്കച്ചാൽ, പൂഞ്ഞാർ ടൗൺ, അനക്കുഴി, പറത്താനം വഴി ഏന്തയാർ ടൗണിൽ അവസാനിച്ചു.  സമാപന സമ്മേളനം കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്ക് ഇന്നലെ തിരുവല്ല മണ്ഡലത്തിൽ പര്യടനം നടത്തി. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത പര്യടനം ഉദ്ഘാടനം ചെയ്തു. നിരണം നെടുമ്പ്രം. പെരിങ്ങര. കുറ്റൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടന ശേഷം രാത്രി എടക്കുന്നിൽ സമാപിച്ചു. എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി ഇന്നലെ പൂഞ്ഞാർ മേഖലയിലാണു പര്യടനം നടത്തിയത്. പര്യടനം പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. അടിവാരം, കൈപ്പള്ളി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.

എൽഡിഎഫ് സ്ഥാനാർഥി ടി.എം. തോമസ് ഐസക്കിന് തിരുവല്ലയിൽ നൽകിയ സ്വീകരണം.
എൽഡിഎഫ് സ്ഥാനാർഥി ടി.എം. തോമസ് ഐസക്കിന് തിരുവല്ലയിൽ നൽകിയ സ്വീകരണം.

ഇ.ഡി നീക്കം പ്രചാരണം അട്ടിമറിക്കാൻ: ഐസക്
പത്തനംതിട്ട ∙ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനുള്ള ആസൂത്രിത പ്രവർത്തനമാണ് ഇ.ഡിയുടെ നീക്കങ്ങളെന്നു ഹൈക്കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് എൽഡിഎഫ്  സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക്. എന്താണ് ഇത്ര തിടുക്കം, തിരഞ്ഞെടുപ്പു കഴിയുന്നതുവരെ മാറ്റിവച്ചാൽ എന്തെങ്കിലും സംഭവിക്കുമോ എന്നാണ് ഇ.ഡിയോട് ഡിവിഷൻ ബെഞ്ച് ചോദിച്ചത്. കോടതി അവധി ആരംഭിക്കുന്നതിന്റെ തലേന്ന് ധൃതിപിടിച്ച് ഇ.ഡി ഓടിച്ചെല്ലേണ്ട കാര്യമെന്താണെന്നും സീൽ ചെയ്ത കവറിൽ ഇ.ഡി നൽകിയ പ്രസ്താവന എങ്ങനെയാണു മാധ്യമങ്ങൾക്ക് ലഭിച്ചതെന്നും ഐസക് ചോദിച്ചു. ഇ.ഡി രാഷ്ട്രീയം കളിക്കുകയാണ്. ആ നീക്കങ്ങൾക്കു കോടതി കൂട്ടുനിന്നില്ല. തിരഞ്ഞെടുപ്പിന്റെ പവിത്രത കോടതി ഉയർത്തിപ്പിടിച്ചെന്നും ഐസക് പറഞ്ഞു.

എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി പൂഞ്ഞാർ കൈപ്പള്ളിയിൽ പര്യടനത്തിൽ.
എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി പൂഞ്ഞാർ കൈപ്പള്ളിയിൽ പര്യടനത്തിൽ.

10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അനിൽ ആന്റണിക്ക് നോട്ടിസ്
ആലപ്പുഴ∙ മാനനഷ്ടത്തിന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും ഐഎൻടിയുസി നേതാവുമായ സജീവ് ജനാർദനൻ വക്കീൽ നോട്ടിസ് അയച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാകിസ്‌ഥാനിലേക്ക് പോകണമെന്ന അനിൽ ആന്റണിയുടെ പ്രസ്‌താവനയ്ക്കെതിരെയാണ് നോട്ടിസ്. പ്രസ്താവന പിൻവലിക്കണമെന്നും അല്ലാത്തപക്ഷം 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും നോട്ടിസിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com