ADVERTISEMENT

തിരുവല്ല∙ഇന്ന് വിഷു. കത്തിച്ച നിലവിളക്കും കൃഷ്ണവിഗ്രഹവും കൊന്നപ്പൂക്കളുമായി തിരുവല്ലയും വിഷുവിനെ വരവേൽക്കുന്നു.സമൃദ്ധിയുടെ പ്രഭാതത്തിലേക്ക് മലയാളി മനവും മിഴിയും തുറക്കുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് ഇത്തവണ വിഷു എന്ന പ്രത്യേകതയുണ്ട്. കാർഷിക സംസ്കാരത്തിലേക്കുള്ള കാൽവയ്പ് കൂടിയാണ് വിഷു.അപ്പർ കുട്ടനാട്ടിൽ ഇത്തവണ വിഷുവിന് മുൻപ് മിക്ക പാടശേഖരങ്ങളിലും കൊയ്ത്ത് കഴിഞ്ഞു. ക്ഷേത്രങ്ങളിൽ പറയ്ക്ക് എഴുന്നള്ളത്തിന്റെ സമയമാണ്.ചൂട് കനത്തു എങ്കിലും ഇടയ്ക്ക് പെയ്ത മഴ ഏറെ ആശ്വാസമായി മാറി. 

തിരുവല്ലയിലെയും സമീപ പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ എല്ലാം പുലർച്ചെ വിഷുക്കണി ഒരുക്കിയിരുന്നു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, കവിയൂർ മഹാദേവ ക്ഷേത്രം,തലയാർ വഞ്ചിമൂട്ടിൽ ക്ഷേത്രം, വെൺപാല കദളിമംഗലം ക്ഷേത്രം, മതിൽഭാഗം ഗോവിന്ദൻ കുളങ്ങര ക്ഷേത്രം, കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, നന്നൂർ ദേവീക്ഷേത്രം, കവിയൂർ തിരുവാമനപുരം ക്ഷേത്രം, മുത്തൂർ ദേവീക്ഷേത്രം, തുകലശേരി മഹാദേവ ക്ഷേത്രം, വള്ളംകുളം പടിഞ്ഞാറ് മൂകാംബിക ജഗദംബികാ ക്ഷേത്രം എന്നിവിടങ്ങളിൽ വിഷുക്കണി ദർശനം ഒരുക്കി. ഇന്നലെ വഴിയോരങ്ങളിൽ കൊന്നപ്പൂവിന്റെയും കൃഷ്ണവിഗ്രഹത്തിന്റെയും വലിയ കച്ചവടം നടന്നു. 

കളി മണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലും നിർമിച്ച കൃഷ്ണവിഗ്രഹങ്ങൾക്ക് ആയിരുന്നു ആവശ്യക്കാർ ഏറെ.ഇതിൽ കാർവർണ്ണനുണ്ട്, മുരളീകൃഷ്ണനുണ്ട്, രാധാ കൃഷ്ണനുണ്ട്,വൈവിധ്യങ്ങൾ നിറഞ്ഞതായിരുന്നു കൃഷ്ണ രൂപങ്ങൾ. എട്ട്  ഇഞ്ച് മുതൽ രണ്ടര അടി വരെയുള്ള വിഗ്രഹങ്ങൾ വിൽപനയ്ക്ക് ഉണ്ടായിരുന്നു.രാജസ്ഥാനിൽ നിന്ന് എത്തിയ നാടോടികളാണ് വഴിയോര കച്ചവടവുമായി തിരുവല്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിയത്.  എന്തായാലും ഈ കൃഷ്ണ വിഗ്രഹങ്ങളും കൊന്നപ്പൂക്കളും വിഷു ദിനത്തിൽ മലയാളിയുടെ മനസ്സ് നിറയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com