ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്രപരിശീലനം
Mail This Article
തിരുവല്ല ∙ തെള്ളിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച് ആൻഡ് ഇന്റലിജന്റ് സിസ്റ്റംസ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി അവധിക്കാല ശാസ്ത്രപരിശീലനത്തിന് അവസരം ഒരുക്കുന്നു. കുട്ടികളിൽ സാമൂഹിക–സാംസ്കാരിക–ശാസ്ത്ര–പരിസ്ഥിതി ബോധം സൃഷ്ടിച്ച് ജീവിതവിജയത്തിനായി പാത തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന പദ്ധതിയിൽ മാതാപിതാക്കൾക്കും ഭാഗമാകാം.
ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ എന്താണ് എന്ന തിരിച്ചറിവാണ് ‘ചുറ്റുവട്ടം’ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു മാസമാണ് ദൈർഘ്യം. മൊബൈൽ ക്യാമറ ഉപയോഗിച്ച് തങ്ങളുടെ വീടിനു ചുറ്റും, പറമ്പിലും കാണുന്ന വിവിധയിനം സസ്യങ്ങളുടെ ചിത്രം ഭംഗിയായി എടുക്കണം. എന്നിട്ട് ഗൂഗിൾ ഫോട്ടോസിൽ അതിനെ ഒരു ആൽബം ആയി അപ്‌ലോഡ് ചെയ്യണം. ശേഷം അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ ലിങ്ക് nsp@airis4d.com എന്ന ഇമെയിൽ ഐഡിയിൽ ഷെയർ ചെയ്യണം.
ഏറ്റവും നന്നായി ചിത്രം എടുക്കുന്നരെയാണ് പരിഗണിക്കുക. കണ്ടെത്തിയ സസ്യങ്ങളെപ്പറ്റി വിദഗ്ധർ ക്ലാസെടുക്കും. തുമ്പികൾ, ചിത്രശലഭങ്ങൾ, പറവകൾ എന്നിവയെയും പരിസ്ഥിതിയെയും അറിയുവാൻ പഠിപ്പിക്കും. വാനനിരീക്ഷണവും ടെലിസ്കോപ്പ് നിർമാണവും പരിപാടിയുടെ ഭാഗമാണ്. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഉപയോഗം ഇവയ്ക്കും പരിശീലനമുണ്ട്. 29ന് മുൻപ് ഫോട്ടോ അയച്ച് പങ്കാളിത്തം ഉറപ്പുവരുത്താം. ഫോൺ: 9495379661, 8281500130.