ഒന്നരവർഷമായിട്ടും തുടങ്ങാതെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റ്

Mail This Article
മല്ലപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച മാലിന്യ സംസ്കരണശാലയുടെ (എയ്റോബിക് കംപോസ്റ്റ് യൂണിറ്റ്) പ്രവർത്തനം ഇതുവരെ തുടങ്ങിയില്ല. ഒന്നര വർഷം മുൻപ് പഞ്ചായത്ത് സ്ഥാപിച്ച സംസ്കരണകേന്ദ്രമാണു നോക്കുകുത്തിയായി തുടരുന്നത്. സംസ്കരണ പ്ലാന്റ് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതാണ്. 2 ലക്ഷത്തോളം രൂപയാണു ചെലവഴിച്ചിരിക്കുന്നത്.
സ്ഥാപനതല ഉറവിട മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി ശുചിത്വമിഷന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കിയത്. സംസ്കരണശാല പ്രവർത്തിപ്പിക്കാത്തതുമൂലം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തോടു ചേർന്നാണു മാലിന്യം തള്ളുന്നത്. ആഹാരപദാർഥങ്ങളും ഉപേക്ഷിക്കുന്നുണ്ട്. ഇക്കാരണത്താൽ തെരുവുനായ്ക്കളുടെ ശല്യവുമേറുന്നുണ്ട്. മാലിന്യ സംസ്കരണശാലയുടെ പ്രവർത്തനം തുടങ്ങാൻ നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.