ADVERTISEMENT

കുന്നന്താനം ∙ 2022 ഓഗസ്റ്റ് 25ന് ശിലാസ്ഥാപനം. കഴിഞ്ഞ ഫെബ്രുവരി 16ന് വീണ്ടും തറക്കല്ലിടൽ. ഒരു കെട്ടിടത്തിന് രണ്ടുവിധത്തിൽ നിർമാണോദ്ഘാടനം നടന്നുവെങ്കിലും പഞ്ചായത്ത് ഓഫിസ് ഇനിയും ഉയർന്നില്ല. തടസ്സങ്ങളെല്ലാം നീങ്ങിയെന്നു പറയുമ്പോഴും തറക്കല്ലിൽ മാത്രം കെട്ടിടമൊതുങ്ങി. കെട്ടിടം നിർമിക്കുന്ന സ്ഥലം നിരപ്പാക്കുന്നതിന് മണ്ണെടുക്കണമെന്നതാണ് ഇപ്പോഴുള്ള തടസ്സമെന്നാണ് അറിയുന്നത്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയിരുന്ന പഞ്ചായത്ത് ഓഫിസിനു പുതിയ കെട്ടിടം വിഭാവനം ചെയ്തത് വിപുലമായ സൗകര്യങ്ങളോടെയാണ്. 

സാങ്കേതികാനുമതി നൽകുന്നതിനു കെട്ടിടം നിർമാണത്തിന്റെ ചുമതലയുള്ള ഹാബിറ്റാറ്റും തദ്ദേശ സ്വയംഭരണവകുപ്പും തമ്മിലായിരുന്നു തർക്കം. ഈ തർക്കം 2022 ഡിസംബറിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ മന്ത്രിയും പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മിൽ നടന്ന യോഗത്തിൽ പരിഹരിച്ചു. ഇതിനുശേഷം 2 വർഷം കഴിഞ്ഞുവെങ്കിലും കെട്ടിടമുയർന്നില്ല. ചുമതലയേറ്റവർക്ക് എസ്റ്റിമേറ്റ് തുകയുടെ 20% അഡ്വാൻസ് നൽകാതിരുന്നതാണു തടസ്സമായത്. ഈ തടസ്സം ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയിൽ നടത്തിയ ചർച്ചയിൽ പരിഹരിച്ചാണ് തറക്കല്ലിടൽ നടത്തിയത്. 2018–19 പ്രകാരം 199.60 ലക്ഷം രൂപയുടെ ഭരണാനുമതിയാണു ലഭിച്ചിരുന്നത്.‌ 

3 നിലകളിലായി 7395 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരുന്നത്. വിവിധ നിലകളിലായി എൻജിനീയറിങ് വിഭാഗത്തിന്റെ ഓഫിസും ഫ്രണ്ട്ഓഫിസ്, സെക്രട്ടറി, പ്രസിഡന്റ്, ഓഫിസ് സ്റ്റാഫുകൾ, കുടുംബശ്രീ ഓഫിസ്, വിഇഒ എന്നിവർക്കും മുറികളും കോൺഫറൻസ് ഹാൾ, വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്കുള്ള മുറികളും നിർമിക്കുന്നതിനാണു പദ്ധതിയിട്ടിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com