ADVERTISEMENT

മുക്കുഴി ∙ കാട്ടാനപ്പേടിയിൽ മുക്കുഴി, കുമ്പളത്താമൺ പ്രദേശങ്ങളിലെ ജനങ്ങൾ. മുക്കുഴി 103 പ്ലാന്റേഷൻ ഭാഗത്ത് കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാന 2 പേരുടെ കൃഷി നശിപ്പിച്ചു. തലച്ചിറ ചൂരത്തലയ്ക്കൽ സി.എസ്.സണ്ണി, മുക്കുഴി പ്ലാന്റേഷൻ വട്ടപ്പറ പുതുപ്പറമ്പിൽ (നന്ദനം) രാധാകൃഷ്ണൻ നായർ എന്നിവരുടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാണ് നാശം വരുത്തിയത്. സണ്ണിയുടെ റബർ തോട്ടത്തിൽ എത്തിയ കാട്ടാന 60 മൂട് വാഴ ചവിട്ടി നശിപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന 3 തെങ്ങിൻ തൈകൾ പിഴുതെറിഞ്ഞു. 2 റബർ തൈകളും തള്ളിയിട്ടു. റബർ തോട്ടത്തിനു ചുറ്റും ടിൻഷീറ്റിട്ട് വേലി കെട്ടിയ ശേഷം ഗേറ്റും സ്ഥാപിച്ചിരുന്നു ഗേറ്റ് ചവിട്ടി തകർത്ത ശേഷമാണ് ഉള്ളിൽ കടന്നത്.

ഞങ്ങളുടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് വനം. പക്ഷേ കാടുവിട്ട് കാട്ടാന കൂട്ടം ഇന്നലെ വീട്ടുമുറ്റത്ത് എത്തി. ഒരു മൂട് റബർ ഒടിച്ചു കളഞ്ഞു. പ്ലാവിലെ ചക്ക മുഴുവൻ നശിപ്പിച്ചു. പണ്ട് കാട്ടുപന്നി മാത്രമായിരുന്നു കൃഷി നശിപ്പിക്കാൻ ഉണ്ടായിരുന്നത്. ഇപ്പോൾ ആനയ്ക്കു പുറമേ കാട്ടുപോത്ത്, മ്ലാവ്, കേഴ, കുരങ്ങ്, മലയണ്ണാൻ തുടങ്ങി എല്ലാം ഉണ്ട്. ഒന്നും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥ. മുക്കുഴി 103 പ്ലാന്റേഷൻ– ഫോറസ്റ്റ് ഓഫിസ് പടി റോഡിൽ വഴിവിളക്കുകൾ ഒന്നുമില്ല. പലതവണ പഞ്ചായത്തിൽ പരാതി പറഞ്ഞു. ഇതുവരെ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. വെളിച്ചമില്ലാത്തതിനാൽ റോഡിൽ ആന നിന്നാൽ പോലും കാണാൻ കഴിയില്ല. അതിനാൽ വാഹനത്തിൽ പോകാനും ഭയമാണ്.

റോഡിന് എതിർവശത്തുള്ള രാധാകൃഷ്ണൻ നായരുടെ വീടിനു സമീപത്തെ പ്ലാവിലെ മുഴുവൻ ചക്കയും കാട്ടാന തിന്നു. 10 വർഷത്തിൽ താഴെ മാത്രം വളർച്ചയുള്ള പ്ലാവായതിനാൽ ഇതിന്റെ തടിയിൽ പിടിച്ചു കുലുക്കിയാണു ചക്കയിട്ടത്. 4 ആനകളുടെ കൂട്ടമായിരുന്നു. മലയാലപ്പുഴ, വടശേരിക്കര പഞ്ചായത്തുകളുടെ അതിർത്തിയിലാണ് മുക്കുഴി. ഇന്നലെ ആനയിറങ്ങിയത് വടശേരിക്കര പഞ്ചായത്ത് പ്രദേശത്താണ്. മുക്കുഴി 103 പ്ലാന്റേഷൻ ഭാഗത്താണ് തോട്ടമെങ്കിലും സണ്ണിയും സഹോദരൻ സി.എസ്.ബിജുവും തലച്ചിറയാണു താമസം.

ആനയിറങ്ങി കൃഷി നശിപ്പിച്ചതറിഞ്ഞ് ഇവർ ഇന്നലെ രാവിലെയാണ് ഇവിടെ എത്തിയത്. വടശേരിക്കരയിൽ നിന്നു വനപാലകർ എത്തി പരിശോധന നടത്തി.മാർച്ച് 26ന് മുക്കുഴി കുമ്പളത്താമൺ ഭാഗത്ത് കാട്ടാനയിറങ്ങി കണ്ണാട്ടുമണ്ണിൽ ജോയി, മണപ്പാട്ട് ഗോപി, കണ്ണാട്ടുമണ്ണിൽ ജോർജ് എന്നിവരുടെ കൃഷി നശിപ്പിച്ചിരുന്നു. ജോയിയുടെ വീട്ടുമുറ്റത്തു വരെ ആന എത്തി. തെങ്ങ്, കമുക്, വാഴ, റബർ എന്നിവ നശിപ്പിച്ചു.സന്ധ്യ ആകുമ്പഴേ ഇവിടെ കാട്ടാന ഇറങ്ങുന്നുണ്ട്. അതിനാൽ ഭയന്നാണ് ജനങ്ങൾ കഴിയുന്നത്. ആന ശല്യം കാരണം സന്ധ്യയ്ക്കു ശേഷം ആരും വീടിനു പുറത്തിറങ്ങാറില്ല. മുക്കുഴി പ്ലാന്റേഷൻ ഭാഗത്ത് വീടുകൾ കുറവാണ്. ഒരു വീട് കഴിഞ്ഞാൽ അടുത്തത് വളരെ അകലെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com