ADVERTISEMENT

പത്തനംതിട്ട ∙ മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിച്ചുള്ള പ്രസംഗത്തിനു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഫുൾ സ്റ്റോപ്പിട്ടപ്പോൾ സമയം 2.45. ‘ആദരണീയയായ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഏതാനും നിമിഷങ്ങൾക്കകം ഈ വേദിയിലെത്തും’– രാഹുലിന്റെ ഈ വാക്കുകൾക്കു പിന്നാലെ പ്രിയങ്കാ ഗാന്ധിയുമായുള്ള വാഹനവ്യൂഹം പ്രവേശന കവാടം കടന്ന് സ്റ്റേഡിയത്തിലെത്തി. വേദിയുടെ ഇടതു ഭാഗത്തായി കാത്തുനിന്ന പ്രവർത്തകരെ വേദിയിലിരുന്ന് പ്രിയങ്ക അഭിവാദ്യം ചെയ്തതോടെ വാഹനത്തിനു പിന്നാലെയുള്ള ഓട്ടത്തിലായി പ്രവർത്തകർ. വാഹനത്തിൽനിന്നിറങ്ങി വേദിയിലേക്കു നടക്കുന്ന സമയം കൊണ്ട് സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് പ്രവർത്തകർ ബാരിക്കേഡിനു സമീപം തടിച്ചു കൂടി.

ഡിസിസി ഉപാധ്യക്ഷൻ എ. സുരേഷ്കുമാർ പൂച്ചെണ്ടു നൽകി പ്രിയങ്കയെ വേദിയിലേക്കു സ്വീകരിച്ചു. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രസംഗത്തിനു പിന്നാലെ പ്രിയങ്ക പ്രസംഗിക്കാനെത്തിയതോടെ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളും ഉച്ചത്തിലായി. ‘ആകാശമാർഗവും പിന്നീടു റോഡിലൂടെയും ഇവിടേക്കു വന്നപ്പോൾ ഞാൻ ചുറ്റുപാടും നോക്കുകയായിരുന്നു, എന്തു മനോഹരമായ സ്ഥലമാണിത്’– ആദ്യമായി പത്തനംതിട്ട സന്ദർശിച്ച പ്രിയങ്ക ഗാന്ധി പ്രസംഗത്തിലെ ആദ്യ വാചകത്തിലൂടെത്തന്നെ പത്തനംതിട്ടയുമായി ബന്ധം സ്ഥാപിച്ചു.

‘കേരളത്തിലേക്കു വരാൻ എപ്പോഴും സന്തോഷമാണ്. ഇപ്പോളത് അതിലും കൂടുതലാണ്, കാരണം എന്റെ സഹോദരൻ കഴിഞ്ഞ 5 വർഷമായി ഇത് സ്ഥിരം രണ്ടാം വീടാക്കി’– പ്രസംഗത്തിലെ രണ്ടാം വാചകം പ്രിയങ്ക പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ വേദിയിൽ പ്രവർത്തകരുടെ കരഘോഷം. നാഷനൽ കോൺഗ്രസ് സിന്ദാബാദ്.. പ്രിയങ്കാ ഗാന്ധി സിന്ദാബാദ് മുദ്രാവാക്യം വിളികൾ മുഴങ്ങുന്നതിനിടെ ചുറ്റുംനിന്ന പ്രവർത്തകരെ പ്രിയങ്ക പലതവണ അഭിവാദ്യം ചെയ്തു. നാട്ടിലുള്ളവരെ പല പ്രവർത്തകരും തത്സമയ ദൃശ്യങ്ങൾ വിഡിയോ കോളിലൂടെ കാണിച്ചു. ചിലർ ഫെയ്സ്ബുക് ലൈവ് ഇട്ടു. ജനാധിപത്യ സംരക്ഷണവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അക്കമിട്ടു നിരത്തിയുള്ള പ്രിയങ്കയുടെ പ്രസംഗത്തിന് ജോതി വിജയകുമാറിന്റെ മനോഹരമായ തർജമ ഇരട്ടി പ്രഭാവമേകി.

പ്രിയങ്കയുടെ വരവിന് ഒരു മണിക്കൂർ മുൻപുതന്നെ വേദി പ്രവർത്തകരെക്കൊണ്ടു നിറഞ്ഞിരുന്നു. 3 മണിക്ക് പ്രിയങ്ക പ്രസംഗം ആരംഭിച്ചതിനു ശേഷവും സ്റ്റേഡിയത്തിലേക്ക് പ്രവർത്തകരും സാധാരണക്കാരും ഒഴുകിയെത്തി. 3.45 കോൺഗ്രസിനു വോട്ടു ചെയ്യാനുള്ള ആഹ്വാനത്തോടെ പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചപ്പോൾ ഉറച്ച മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ ഐക്യദാർഢ്യമേകി. ആറന്മുള പള്ളിയോടത്തിന്റെ മാതൃകയിലുള്ള ഉപഹാരം ആന്റോ ആന്റണി പ്രിയങ്കാ ഗാന്ധിക്കു നൽകി. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും ചേർന്ന് പ്രിയങ്കയ്ക്കു സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com