ADVERTISEMENT

ചെറുകോൽ ∙ പഞ്ചായത്തിൽ ആരോഗ്യ ഉപകേന്ദ്രത്തിനു കെട്ടിടം നിർമിക്കാൻ പണം അനുവദിച്ചിടത്ത് സ്ഥലം ലഭ്യമല്ല. സ്ഥലം ഉള്ളിടത്ത് കെട്ടിടം നിർമിക്കാൻ അനുമതിയുമില്ല. കിളിയാനിക്കലിലാണ് കെട്ടിടം നിർമിക്കാൻ 55 ലക്ഷം രൂപ അനുവദിച്ച് ആദ്യഗഡുവായി 27 ലക്ഷം രൂപ ലഭിച്ചത്. ഇവിടെ പിഐപി കനാൽ സ്ഥലം കിട്ടുമെന്നു കരുതിയെങ്കിലും പണം അനുവദിച്ചു വന്നപ്പോൾ സ്ഥലം കിട്ടിയില്ല. അതോടെ അനുവദിച്ച പണം ഉപയോഗിക്കാനാവാതെ വെറുതേ കിടക്കുന്നു.

കാട്ടൂർ പേട്ടയിൽ സ്വന്തം സ്ഥലത്ത് പ്രവർത്തിക്കുന്ന ഉപകേന്ദ്രം കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. കിളിയാനിക്കലിന് അനുവദിച്ച പണം ഉപയോഗിച്ച് കാട്ടൂർ പേട്ടയിൽ കെട്ടിടം നിർമിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. അതോടെ രണ്ടിടത്തും ആരോഗ്യ ഉപകേന്ദ്രമില്ല എന്നതാണ് സ്ഥിതി.പഞ്ചായത്തിലെ ചാക്കപ്പാലം കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ കാട്ടൂർപേട്ടയിൽ 1987 ൽ കെ.കെ.നായർ എംഎൽഎ ആയിരുന്ന കാലത്താണ് ഉപകേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്. 

കുട്ടികൾക്കുള്ള പോളിയോ വാക്സിൻ, മറ്റു പ്രതിരോധ മരുന്നുകൾ, ഗർഭിണികൾക്കുള്ള അയൺ, ഫോളിക് ആസിഡ് മരുന്നുകൾ, പ്രമേഹത്തിനുള്ള ഇൻസുലിൻ അടക്കമുള്ള മരുന്നുകളും ഇവിടെ നിന്നു ലഭ്യമായിരുന്നു. ആഴ്ചയിൽ രണ്ടുദിവസം ഡോക്ടറുടെ സേവനവും മറ്റു ദിവസങ്ങളിൽ നഴ്‌സിന്റെയും ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെയും സേവനവും ലഭ്യമായിരുന്നു. എന്നാൽ കാലപ്പഴക്കം മൂലം കെട്ടിടം ജീർണാവസ്ഥയിൽ ആയതിനെ തുടർന്ന് ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ അകലെ അടുത്ത വാർഡിലേക്കു 6 മാസം മുൻപ് മാറ്റേണ്ടിവന്നു. നാരങ്ങാനം പഞ്ചായത്തിന്റെ അതിർത്തി പ്രദേശത്തുള്ള ഒരു വാടകവീട്ടിലാണ് പ്രവർത്തിക്കുന്നത്.

കാട്ടൂർപേട്ടയിൽ കെട്ടിടം ഉണ്ടായിരുന്നതിനാലാണ് പുതിയ കേന്ദ്രത്തിന് അനുവദിച്ച പണം കിളിയാനിക്കലിൽ തുടങ്ങാൻ തീരുമാനിച്ചത്. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് കിളിയാനിക്കൽ കേന്ദ്രത്തിന് പണം നൽകിയത്. എന്നാൽ ഇവിടെ സ്ഥലം കിട്ടാതെ വന്നതോടെ പഞ്ചായത്ത് പണം മാറ്റി കാട്ടൂർപേട്ടയിലെ കേന്ദ്രത്തിന് നൽകാൻ സർക്കാർ തലത്തിൽ ശ്രമിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചില്ല.പ്രവർത്തനം നിർത്തിയതോടെ കാട്ടൂർപേട്ടയിലെ സ്ഥലവും കെട്ടിടവും കാടുകയറി കിടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com