ADVERTISEMENT

ഇലവുംതിട്ട ∙ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നതിനിടെ ഭർതൃമാതാവിന്റെ വോട്ട് മരുമകൾ ചെയ്ത സംഭവത്തിൽ പ്രതിയാക്കിയതിനെതിരെ നിയമനടപടിക്കൊരുങ്ങി പഞ്ചായത്തംഗം. സ്ഥലത്തില്ലാതിരുന്ന താൻ കള്ളവോട്ട് ചെയ്യുന്നതിനു ഗൂഢാലോചന നടത്തിയെന്നു വ്യാജ പരാതി നൽകിയതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ ഭാഗത്തു നിന്നുണ്ടായ വീഴ്ച മറയ്ക്കാൻ തന്നെ ബലിയാടാക്കുകയാണെന്നും മെഴുവേലി പഞ്ചായത്തംഗം കോൺഗ്രസിലെ സി.എസ്.ശുഭാനന്ദൻ പറഞ്ഞു. ശുഭാനന്ദൻ കള്ളവോട്ട് ചെയ്യുന്നതിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എൽ‍ഡിഎഫിന്റെ ബൂത്ത് സെക്രട്ടറി സി.കെ.ജയയാണു കലക്‌ടർക്കു പരാതി നൽകിയത്. കലക്ടർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറോട് റിപ്പോർട്ട് തേടിയെങ്കിലും അന്വേഷണം നടത്താതെ കേസെടുക്കാൻ റിട്ടേണിങ് ഓഫിസർ നിർദേശം നൽകിയതായി ശുഭാനന്ദന്റെ അഭിഭാഷകൻ വി.ആർ.സോജി പറഞ്ഞു. 

144ാം ബൂത്തിലെ ക്രമനമ്പർ 876 അന്നമ്മ എന്ന വ്യക്തിക്ക് വോട്ട് രേഖപ്പെടുത്തുന്നതിനാണു ബിഎൽഒ അപേക്ഷ നൽകിയതെങ്കിലും ക്രമനമ്പർ 874 എന്നാണ് തെറ്റായി രേഖപ്പെടുത്തിയത്. ഇതു തനിക്ക് പറ്റിയ പിശകാണെന്നു ബിഎൽഒ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം ദിവസം നാട്ടിൽ പോലുമില്ലായിരുന്ന ശുഭാനന്ദൻ പ്രസ്തുത വീട്ടിൽ പോവുകയോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയോ ആൾമാറാട്ടം നടത്താൻ വോട്ടറെ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. വോട്ടിങ് നടപടി വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അതു പരിശോധിച്ചിട്ടില്ല. യഥാർഥ വോട്ടറാണെന്ന് ഉറപ്പാക്കി വോട്ട് ചെയ്യിക്കേണ്ടത് പോളിങ് ഓഫിസറുടെ ജോലിയാണെന്നും സോജി പറഞ്ഞു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ട് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൽസ്ഥാനത്തുനിന്നു നീക്കണം. പരാതിക്കാരിക്കെതിരെ മാനനഷ്‌ടത്തിനു കേസ് നൽകുമെന്നും ഉദ്യോഗസ്ഥർക്കെതിരെ നഷ്ട‌പരിഹാരം ആവശ്യപ്പെടുമെന്നും കോൺഗ്രസ് മെഴുവേലി മണ്ഡലം പ്രസിഡന്റ് സജി വട്ടമോടി, കെ.കെ.ജയിൻ, നേജോ മെഴുവേലി എന്നിവർ പറഞ്ഞു.

ഭർതൃമാതാവിന്റെ വോട്ട് മരുമകൾ ചെയ്തെന്ന പരാതിയിൽ അറസ്റ്റ് ; ബൂത്ത് ലെവൽ ഓഫിസറെ ജാമ്യത്തിൽ വിട്ടു
∙ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനിടെ ഭർതൃമാതാവിന്റെ വോട്ട് മരുമകൾ ചെയ്തെന്ന പരാതിയിൽ ബൂത്ത് ലെവൽ ഓഫിസറെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ പരാതിയെത്തുടർന്നാണു നടപടി. ആറന്മുള നിയോജക മണ്ഡലത്തിലെ മെഴുവേലി 144ാം ബൂത്തിലെ ബിഎൽഒ പി.അമ്പിളിയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. എൽ‍ഡിഎഫിന്റെ ബൂത്ത് സെക്രട്ടറി സി.കെ.ജയയാണ് കലക്ടർക്കു പരാതി നൽകിയത്. സംഭവത്തിൽ സ്പെഷൽ പോൾ ഓഫിസർമാരെയും ബിഎൽഒയെയും സസ്പെൻഡ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ കലക്ടർ ചുമതലപ്പെടുത്തി.

തെളിവില്ലാത്ത ആരോപണം ജനശ്രദ്ധ മാറ്റാൻ: ഉദയഭാനു
ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ പരാജയം ഉറപ്പിച്ച കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് സ്ഥലജല വിഭ്രാന്തിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. പി.ഉദയഭാനു. എൽഡിഎഫിനെതിരെ പരിഹാസ്യമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഒരു ലക്ഷം കള്ളവോട്ടിന് ശ്രമമെന്നാണ് എൽഡിഎഫിനെതിരെ ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഉന്നയിച്ച ആരോപണം തെളിയിക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിക്കുന്നു. ജനശ്രദ്ധ മാറ്റാനാണ് സിപിഎമ്മിനും എൽഡിഎഫിനും എതിരെ ഒരു തെളിവുമില്ലാതെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com